നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’ എന്ന സിനിമക്ക് ശേഷം ഇവര്‍ മറ്റൊരു ചിത്രത്തിനായി ഒരുമിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, സെപ്റ്റംബര്‍ 6-ന് ദുബായില്‍ നടന്ന സൈമ അവാര്‍ഡ് 2025 പരിപാടിയില്‍ കമല്‍ഹാസന്‍ ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
‘നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല. ഞങ്ങള്‍ ഒരുമിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചതാണ്. ഇപ്പോള്‍ അത് സംഭവിക്കാന്‍ പോകുന്നു”എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി കമല്‍ പറഞ്ഞത്.
കമലഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും, അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നുമാണ് സൂചന. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രഖ്യാപിക്കും.