ഡബ്ലിനിലെ വ്യഭിചാര ശാലകളിലെ ദുരിതം വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഗാര്‍ഡ രക്ഷപ്പെടുത്തിയ സ്ത്രീകള്‍. ദിവസവും 13 പേര്‍ വരെയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നടത്തിപ്പുകാര്‍ നിര്‍ഡബന്ധിക്കുമായിരുന്നു എന്നും, ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. മാസത്തില്‍ ഒരു ദിവസം മാത്രമായിരുന്നു അവധി ലഭിക്കുക.
ഗാര്‍ഡയ്‌ക്കൊപ്പം ബ്രസീലിയന്‍ പൊലീസ്, ഇന്റര്‍പോള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഇരകളായ നിരവധി സ്ത്രീകളെ രക്ഷിച്ചത്. സംഭവത്തില്‍ നടത്തിപ്പുകാരായ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രസീലിലും അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യഭിചാരത്തിനായി ബ്രസീലില്‍ നിന്നാണ് ഇവര്‍ മനുഷ്യക്കടത്തിലൂടെ സ്ത്രീകളെ എത്തിച്ചത്.
ബ്രസീലില്‍ നിന്നും 70-ഓളം സ്ത്രീകളെ ഇത്തരത്തില്‍ അയര്‍ലണ്ടിലെത്തിച്ചതായാണ് കരുതുന്നത്. നഗരത്തിലെ വിവിധ വ്യഭിചാരശാലകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ബ്രസീലിലെ ഒരു സംസ്ഥാനമായ സാന്റാ കറ്റാറിനായിലുള്ള ക്ലബ്ബുകളില്‍ വച്ച് പരിചയപ്പെടുന്ന പുരുഷന്മാര്‍, സ്ത്രീകളെ അയര്‍ലണ്ടില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ എത്തിപ്പെടുത്ത സ്ത്രീകള്‍ക്ക് ദുഃസ്വപ്‌നത്തിന് സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നതെന്ന് ഗാര്‍ഡയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
പലപ്പോഴും ഉറക്കമില്ലാതെ 24 മണിക്കൂര്‍ വരെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നു. ഇവര്‍ക്ക് നല്‍കിയ ഫോണ്‍ വഴി നടത്തിപ്പുകാരാണ് കസ്റ്റമാര്‍മാരുമായി ഇവരെ ബന്ധപ്പെടുത്തുന്നത്. എത്ര കസ്റ്റമര്‍മാര്‍ വരെ ആകാം എന്നെല്ലാം തീരുമാനിക്കുന്നത് നടത്തിപ്പുകാരാണ്. കസ്റ്റമറുടെ അടുത്ത് എത്താന്‍ ഒരു മിനിറ്റ് വൈകിയാല്‍ പോലും ഇരകളായ സ്ത്രീകളില്‍ നിന്നും 150 യൂറോ വരെ പിഴ നടത്തിപ്പുകാര്‍ ഈടാക്കുമായിരുന്നു. ഇതിന് പുറമെ അസഭ്യവര്‍ഷവും പതിവാണ്. മുറിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചാല്‍ പോലും പിഴ ഈടാക്കുമായിരുന്നുവെന്ന് ഇരകള്‍ പറയുന്നു.
കസ്റ്റമര്‍മാരില്‍ നിന്നും 250 യൂറോ വരെയാണ് സെക്‌സിന് നടത്തിപ്പുകാര്‍ ഈടാക്കിയിരുന്നത്. ഇതില്‍ വലിയ പങ്കും നടത്തിപ്പുകാര്‍ തന്നെ കൈവശം വയ്ക്കും. ആഴ്ചയില്‍ രണ്ട് തവണയായി ചെറിയ തുക മാത്രമാണ് ഇരകളായ സ്ത്രീകള്‍ക്ക് നല്‍കുക.
ബ്രസീലിലെ ക്ലബ്ബുകള്‍ കേന്ദ്രമാക്കി സ്ത്രീകളെ ചതിയില്‍ വീഴ്ത്തുകയായിരുന്നു സംഘം ചെയ്തുവന്നിരുന്നത്. ഇവിടെയെത്തിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ രക്ഷപ്പെടാന്‍ സാധിക്കാത്തവിധം പെട്ടുപോകുകയും ചെയ്യുന്നു.
അയർലണ്ടിൽ ഇതുപോലെ ആരെങ്കിലും മനുഷ്യക്കടത്തിനോ, വ്യഭിചാരത്തിനോ ഇരയാകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, രഹസ്യമായി വിവരമറിയിക്കാന്‍ സാധിക്കുന്ന ഗാര്‍ഡയുടെ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവര്‍ക്ക് ഇത്തരത്തില്‍ പുറത്ത് നിന്നും സഹായം തേടാന്‍ സാധിച്ചേക്കില്ലെന്നും, എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയുമെന്നും ഗാർഡ കൂട്ടിച്ചേര്‍ത്തു.