പാർക്കിങ്ങിന് അമിത പണം ഈടാക്കി; 4,400 ഉപഭോക്താക്കൾക്ക് ഫീസ് തിരികെ നല്കാൻ ഡബ്ലിൻ എയർപോർട്ട്

കാര്‍ പാര്‍ക്കിങ്ങിന് അമിത തുക ഈടാക്കിയതിനെ തുടര്‍ന്ന് 4,400 ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 2025 മാര്‍ച്ച്, മെയ് മാസങ്ങളിലായി നടത്തിയ ഫ്‌ളാഷ് സെയിലുകള്‍ വഴി കാര്‍ പാര്‍ക്കിങ്ങിന് അധിക തുക ഈടാക്കിയതായി ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് Competition and Consumer Protection Commission (CCPC) വ്യക്തമാക്കി. മാര്‍ച്ച് 10, 11 തീയതികളിലും, മെയ് 6 മുതല്‍ 16 വരെയുമാണ് ഫ്‌ളാഷ് സെയിലുകള്‍ നടന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി ദിവസം 10 അല്ലെങ്കില്‍ 12 യൂറോ എന്നതായിരുന്നു ഫ്‌ളാഷ് സെയിലിന്റെ പരസ്യം. എന്നാല്‍ എയര്‍പോര്‍ട്ടിലെ പല പാര്‍ക്കിങ്ങുകളിലും ഈ പ്രൊമോഷന് മുമ്പും, ശേഷവും ഇതിലും കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് ലഭ്യമായിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ പാര്‍ക്കിങ്ങിനായി 25,000 യൂറോ അധികമായി നല്‍കേണ്ടി വന്നു എന്നാണ് കണ്ടെത്തല്‍.

തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് കാരണമാണ് അധിക തുക ഈടാക്കിയതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ ഡിഎഎ, CCPC-യെ അറിയിച്ചു. ഇത് കാരണം നഷ്ടമുണ്ടായ എല്ലാ ഉപഭോക്താക്കള്‍ക്കും അധിക തുക മാത്രമല്ല, ബുക്കിങ് ഫീസ് മുഴുവനായി തിരികെ നല്‍കുമെന്നും ഡിഎഎ വ്യക്തമാക്കി.

25,000 യൂറോ ആണ് അധികമായി ഈടാക്കിയതെങ്കിലും ഈ നടപടി പ്രകാരം ഡിഎഎയ്ക്ക് 350,000 യൂറോ തിരികെ നല്‍കേണ്ടതായി വരും. ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ പാര്‍ക്കിങ് ഫീസില്‍ 20% ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply