വാട്ടർഫോർഡ്: വാട്ടർഫോർഡിലെ
പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ (WMA) ഈ വർഷത്തെ ഓണാഘോഷമായ ‘ശ്രാവണം-25’ വർണ്ണാഭമായ പരിപാടികളോടെ നാളെ (സെപ്റ്റംബർ 14 ഞായറാഴ്ച) നടക്കും. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ആഘോഷപരിപാടികൾ, നാടിൻ്റെ തനിമയും കൂട്ടായ്മയുടെ ഊഷ്മളതയും വിളിച്ചോതുന്ന സാംസ്കാരിക വിരുന്നാകും. WMA-യുടെ പതിനെട്ടാമത് ഓണാഘോഷം എന്ന പ്രത്യേകതയും ഇത്തവണത്തെ പരിപാടികൾക്കുണ്ട്.
നാട്ടിലെ ഓണനാളുകളുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഘോഷങ്ങൾക്ക് രാവിലെ 10 മണിക്ക് അത്തപ്പൂക്കളം ഒരുക്കുന്നതോടെ തുടക്കമാകും. തുടർന്ന്, വാദ്യമേളങ്ങളോടെയുള്ള മാവേലി എഴുന്നള്ളത്തും നടക്കും. മന്ത്രി ജോൺ കമ്മിൻസ് മുഖ്യാതിഥിയായി പങ്കെടുത്ത് ‘ശ്രാവണം-25’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
നാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതിക്കൊണ്ട് കുട്ടികളും മുതിർന്നവരും അണിനിരക്കുന്ന വിവിധ കലാപരിപാടികൾക്ക് വേദി സാക്ഷ്യം വഹിക്കും. കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിരക്കളി, ആവേശം നിറയ്ക്കുന്ന ഫ്ലാഷ്‌മോബ്, വിവിധ ഗ്രൂപ്പ് ഡാൻസുകൾ, കണ്ണിന് കുളിർമയേകുന്ന ക്ലാസിക്കൽ നൃത്തങ്ങൾ, പുതുതലമുറയുടെ ആവേശമായ ഫാഷൻ ഷോ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാ-കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ആവേശം വാനോളമുയർത്തുന്ന വടംവലി മത്സരവും മലയാളി മങ്ക-മാരൻ മത്സരങ്ങളും ഈ വർഷത്തെ പ്രധാന ആകർഷണങ്ങളാണ്.
’ശ്രാവണം-25′ ലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് അയർലൻഡിലെ പ്രശസ്തമായ ഹോളിഗ്രെയിൽ റെസ്റ്റോറൻ്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ്. ഇരുപതിലധികം വിഭവങ്ങളുമായി, തൂശനിലയിൽ വിളമ്പുന്ന ഈ ഓണസദ്യ, പ്രവാസികൾക്ക് ഒരുകാലത്ത് ഓണത്തിന്റെ പ്രധാന ഭാഗമായിരുന്ന തനി നാടൻ രുചിക്കൂട്ടുകളുടെ അനുഭവം നൽകും.
ഓണാഘോഷത്തിന് മുന്നോടിയായി WMA സംഘടിപ്പിച്ച കാരംസ്, ചെസ്സ്, ചീട്ടുകളി തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്യും. വേദിയിൽ നടക്കുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. ‘മാറ്റ് ആൻഡ് ഗ്ലോസി ബ്ലൂചിപ്പ്’ ആണ് ‘ശ്രാവണം-25’ൻ്റെ മുഖ്യ പ്രായോജകർ.
വാട്ടർഫോർഡിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം ഏഴ് മണിയോടെ പരിപാടികൾക്ക് സമാപനമാകും.
(വാർത്ത: ഷാജു ജോസ്)


