ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയടക്കം നാല് പേരെ വെടിവച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതിയായ ബ്രിട്ടീഷ് പൗരന്‍ ജാവോണ്‍ റൈലിക്ക് 34 വര്‍ഷത്തേയ്ക്ക് പരോള്‍ നല്‍കരുതെന്നും വിധിയില്‍ യുകെയിലെ കോടതി വ്യക്തമാക്കി.
2024 മെയ് 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലുള്ള റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കവേയായിരുന്നു 33-കാരനായ റൈലി മലയാളിയായ, ലിസേല്‍ മരിയയ്ക്ക് (9) നേരെ വെടിയുതിര്‍ത്തത്.
യുകെയില്‍ ലഹരിവിതരണക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പിലേയ്ക്ക് നയിച്ചത്. റസ്റ്ററന്റിന് പുറത്തിരിക്കുകയായിരുന്ന മൂന്ന് പേരെയായിരുന്നു പ്രതിയായ റൈലി ലക്ഷ്യമിട്ടിരുന്നതെങ്കിലും, ആദ്യം വെടിയേറ്റത് ലിസേലിനായിരുന്നു. മൂന്ന് മാസക്കാലം ഗുരുതര പരിക്കുകളോടെ ലിസേല്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്തു. ലിസേലിന്റെ തലയിലെ വെടിയുണ്ട ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടുമില്ല.