ഡബ്ലിൻ ആശുപത്രികളിലെ രോഗികളെ ട്രാൻസ്ഫർ ചെയ്യാൻ പ്രൈവറ്റ് കമ്പനിക്ക് കരാർ; സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകൾ

ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കിടയിലായി രോഗികളെ പരസ്പരം ആംബുലന്‍സുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ പുറത്തെ പ്രൈവറ്റ് കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആംബുലന്‍സ് ജീവനക്കാര്‍. നാഷണല്‍ ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന, യുനൈറ്റ് തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് ഇതിനെതിരെ സമരത്തിനൊരുങ്ങുന്നത്. സമരം വേണമോ എന്നത് സംബന്ധിച്ച് സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ ഇന്ന് അഭിപ്രായ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.

തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയാണ് പുറത്തുള്ള കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നതെന്ന് യുനൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എമര്‍ജന്‍സി ആംബുലന്‍സുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് കരാര്‍ പുറത്ത് ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ഇതിനെ യുനൈറ്റ് എതിര്‍ക്കുകയാണ്.

ഇത്തരമൊരു നീക്കം നടത്തുന്നത് തങ്ങളുമായി കൂടിയാലോചിക്കാതെയാണെന്നും, ഭാവിയില്‍ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും സമാനമായ നടപടികള്‍ തങ്ങളറിയാതെ നടക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സംഘടന പറയുന്നു.

ഇത്തരത്തില്‍ കരാര്‍ പുറത്ത് കൊടുക്കുന്നതിന് പകരമായി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് യുനൈറ്റിനൊപ്പം, മറ്റൊരു തൊഴിലാളി സംഘടനയായ സിപ്റ്റുവും അഭിപ്രായപ്പെട്ടു. സമരം വേണമോ എന്നത് സംബന്ധിച്ച് സിപ്റ്റുവിലും ഇന്ന് അഭിപ്രായ വോട്ടെടുപ്പ് നടക്കും. രോഗികളുടെ സുരക്ഷയും, ആംബുലന്‍സ് ജീവനക്കാരുടെ അവകാശങ്ങളും ലംഘിക്കുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്നും സിപ്റ്റു വ്യക്തമാക്കി.

Share this news

Leave a Reply