ഡബ്ലിനിലെ ഡോണബേറ്റില്‍ ഗാര്‍ഡ നടത്തിവരുന്ന പരിശോധനയില്‍ ലഭിച്ച അസ്ഥികൂടങ്ങള്‍ Daniel Aruebose എന്ന കുട്ടിയുടേതാണെന്ന് സൂചന. ബുധനാഴ്ചയാണ് ഇവിടെ നിലം കുഴിച്ച് പരിശോധിച്ചതില്‍ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഫോറന്‍സിക് ആന്‍ത്രോപ്പോളജിസ്റ്റുകള്‍ അടക്കമുള്ളവരെ എത്തിച്ച് പരിശോധന ഇന്നും തുടരും.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങള്‍ ഡാനിയേലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. ഇതിനായി ഡിഎന്‍എ സഹായവും ഗാര്‍ഡ തേടും. മരണകാരണവും ഇതിന് ശേഷമേ അറിയാന്‍ സാധിക്കൂ.
ഡോണബേറ്റിലെ ദി ഗ്യാലറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മൂന്ന് വയസുകാരനായ ഡാനിയേല്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി കുട്ടിയെ കണ്ടതിന് തെളിവുകളില്ല. കുട്ടിയെ കാണാതായതായി ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല. പക്ഷേ കുട്ടിയുടെ പേരില്‍ ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ തോന്നിയ സാമൂഹികസുരക്ഷാ വകുപ്പ് ഇക്കാര്യം കുട്ടികളുടെ ഏജന്‍സിയായ Tusla-യെ അറിയിക്കുകയും, തുടര്‍ന്ന് കേസ് ഗാര്‍ഡയ്ക്ക് കൈമാറുകയുമായിരുന്നു. കുട്ടി സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുപോയെന്നും, ശരീരം കുഴിച്ചിട്ടു എന്നുമായിരുന്നു ലഭിച്ച സൂചനകള്‍.
തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ കുട്ടി മരിച്ചതായി നിഗമനത്തിലെത്തുകയും, ശരീരത്തിനായി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 1-നാണ് പരിശോധന ആരംഭിച്ചത്.