ഡബ്ലിൻ എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റങ്ങൾ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് മാറ്റങ്ങൾ.
ഇനി മുതൽ യാത്രക്കാർ കയ്യിൽ കൊണ്ടുപോകുന്ന ബാഗുകളിൽ നിന്നും ലിക്വിഡുകൾ, ജെൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷാ പരിശോധനകൾക്കിടെ ഏത് ടെർമിനലിൽ വച്ചായാലും പുറത്തെടുക്കേണ്ടതില്ല. ഒപ്പം ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ലിക്വിഡുകളുടെ പരിധി 100 മില്ലി എന്നത് ഉയർത്തി 2 ലിറ്റർ വരെ ആക്കിയിട്ടുമുണ്ട്. ലിക്വിഡുകൾ, ജെൽ എന്നിവ ഇനി മുതൽ സുതാര്യമായ കവറുകളിൽ സൂക്ഷിക്കേണ്ടതുമില്ല.
വലിയ തുക ചിലവിട്ട് പുതുതായി കൊണ്ടുവന്ന C3 സ്കാനറുകൾ കൃത്യതയോടെ ബാഗുകൾക്ക് ഉള്ളിൽ ഉള്ള സാധനങ്ങൾ കണ്ടെത്തും എന്നതിനാലാണ് ഈ മാറ്റങ്ങൾ. ആശുപത്രികളിലെ സിടി സ്കാനിന് സമ്മാനമായി ബാഗുകളുടെ ഉള്ളിലെ സാധനങ്ങളുടെ ത്രീഡി ഇമേജ് ഉണ്ടാക്കി ഉള്ളിൽ എന്തെന്ന് കണ്ടെത്താൻ പര്യാപ്തമാണ് C3 സ്കാനറുകൾ. ഇത്തരം 30-ഓളം സ്കാനറുകളാണ് എയർപോർട്ടിൽ നിന്നും യാത്ര പുറപ്പെടുന്നവരെ പരിശോധിക്കാനായി ടെർമിനൽ ഒന്നിലും, രണ്ടിലും സ്ഥാപിച്ചിട്ടുള്ളത്. യൂറോപ്പിൽ പൂർണമായും C3 സ്കാനറുകൾ ഉപയോഗിക്കുന്ന ആദ്യ എയർപോർട്ടുകളിൽ ഒന്നുമാണ് ഡബ്ലിൻ. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ സ്കാനർ ആണ് C3.
അതേസമയം ബെൽറ്റുകൾ, കണങ്കാലിനു പുറത്തേക്ക് തള്ളി നിൽക്കുന്ന പാദരക്ഷകൾ, ജാക്കറ്റുകൾ, ഹൂഡികൾ, ഓവർ സൈസ് ആയ ജമ്പറുകൾ, കാർഡിഗനുകൾ എന്നിവ പതിവ് പോലെ അഴിച്ച് സുരക്ഷാ പരിശോധനയാക്കായി സെക്യൂരിറ്റി ട്രേകളിൽ വയ്ക്കണം. ഒപ്പം പോക്കറ്റുകളിൽ കരുതിയിരിക്കുന്ന താക്കോലുകൾ, ഫോൺ, പഴ്സ് മുതലായ എല്ലാ വസ്തുക്കളും പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്:
https://www.dublinairport.com/at-the-airport/security