ഡബ്ലിൻ എയർപോർട്ടിൽ ആളുകളെ ഒഴിപ്പിക്കാൻ കാരണമായത് ‘സംശയകരമായ ബാഗ്’; സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ഇന്നും സർവീസുകൾ മുടങ്ങും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2-ല്‍ നിന്നും ഇന്നലെ ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായത് സംശയകരമായി കാണപ്പെട്ട ഒരു ലഗേജ്. ഇന്നലെ ഉച്ചയോടെയാണ് സംശയകരമായ തരത്തില്‍ ഒരു ബാഗ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടെര്‍മിനല്‍ 2 പൂര്‍ണ്ണമായും ഒഴിപ്പിക്കുകയും, എയര്‍പോര്‍ട്ടിനകത്തേയ്ക്ക് വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തത്. ഗാര്‍ഡയും സ്ഥലത്ത് എത്തിയിരുന്നു. ബോംബ് സ്‌ക്വാഡും പരിശോധനയ്ക്കായി എത്തി.

ബാഗില്‍ അപകടകരമായ ഒന്നുമില്ലെന്ന് പരിശോധനയില്‍ മനസിലാക്കിയ ശേഷം ഇത് സ്ഥലത്ത് നിന്നും മാറ്റുകയും, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തുറക്കുകയും ചെയ്‌തെങ്കിലും ഒഴിപ്പിക്കല്‍ കാരണം പല വിമാന സര്‍വീസുകള്‍ക്കും വൈകിയിരുന്നു.

ഇതിന് പുറമെ യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്നലെയുണ്ടായ സോഫ്റ്റ് വെയര്‍ പ്രശ്‌നവും സര്‍വീസുകളെ ബാധിച്ചു. ഈ പ്രശ്‌നം ഇന്നും തുടരും. സൈബര്‍ ആക്രമണമാണ് സോഫ്റ്റ് വെയര്‍ പ്രശ്‌നത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം.

രാജ്യത്ത് ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളെ ഈ പ്രശ്‌നം ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചില സര്‍വീസുകള്‍ ഇന്നും റദ്ദാക്കുമെന്ന് എയര്‍ലൈന്‍ കമ്പനിയായ എയര്‍ ലിംഗസ് അറിയിച്ചു. യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പായി എയര്‍ലൈന്‍ കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് റദ്ദാക്കുകയോ, വൈകുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കണം.

Share this news

Leave a Reply