ജയിലുകൾ നിറഞ്ഞതിനെ തുടർന്ന് അയർലണ്ടിൽ തടവുകാർക്ക് താൽക്കാലിക മോചനം; ഭൂരിപക്ഷവും മയക്കുമരുന്ന്, കളവ്, തട്ടിപ്പ് കേസുകളിലെ പ്രതികൾ

അയര്‍ലണ്ടിലെ ജയിലുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി വിടുതല്‍ നല്‍കപ്പെട്ട പ്രതികളില്‍ ഭൂരിപക്ഷം പേരും തട്ടിപ്പ്, മയക്കമരുന്ന്, മോഷണം എന്നീ കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ നിന്നും വിട്ടയയ്ക്കുന്ന പ്രതികളില്‍ നാലില്‍ ഒന്ന് പേരും നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിച്ച് വരുന്നവരാണെന്നും ഐറിഷ് പ്രിസണ്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരത്തില്‍ ഓഗസ്റ്റ് 1-ന് 612 കുറ്റവാളികളാണ് ജയിലുകളില്‍ നിന്നും താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ടത്. ഇതില്‍ 149 പേര്‍ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. 138 പേര്‍ മോഷണക്കേസുകളിലും, 51 പേര്‍ വധശ്രമം, വധഭീഷണി, ആക്രമണം, ഉപദ്രവം മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമാണ്. ലൈംഗിക കുറ്റകൃത്യം നടത്തിയ നാല് പേരെയും ഇതേ ദിവസം ജയിലില്‍ നിന്നും താല്‍ക്കാലികമായി മോചിപ്പിച്ചിരുന്നു.

അതേസമയം ഈ കുറ്റവാളികളെ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് മാത്രമാണ് മോചിപ്പിച്ചതെന്നും, അവരുടെ പുനരധിവാസം ലക്ഷ്യമിട്ട്, സോഷ്യല്‍ സര്‍വീസുകള്‍ ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

ഓഗസ്റ്റില്‍ മോചിപ്പിക്കപ്പെട്ട 612 പേരില്‍ 40% പേര്‍ ഒരു വര്‍ഷത്തിന് താഴെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. 142 പേര്‍ സ്ത്രീകളും.

178 പേര്‍ താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ട ഡബ്ലിന്‍ മൗണ്ട് ജോയ് ജയിലാണ് ഇക്കാര്യത്തില്‍ ഒന്നാമത്. Dóchas women’s centre-ല്‍ നിന്നും 103 പേരും മോചിപ്പിക്കപ്പെട്ടു. കോര്‍ക്ക് ജയിലില്‍ നിന്നും 57 പേരെ താല്‍ക്കാലികമായി വിട്ടയച്ചപ്പോള്‍ ലിമറിക്ക് ജയിലില്‍ നിന്നും 55 പേര്‍ പുറത്തെത്തി.

താല്‍ക്കാലിക മോചനത്തിനായുള്ള (temporary release) എല്ലാ അപേക്ഷകളും കൃത്യമായി പരിശോധിച്ച്, പൊതുജനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് കണ്ടാല്‍ മാത്രമേ തടവുകാരെ മോചിപ്പിക്കാറുള്ളൂ എന്ന് ജയില്‍ വകുപ്പ് വക്താവ് പറഞ്ഞു. ഇത്തരത്തില്‍ താല്‍ക്കാലിക മോചനം ലഭിക്കുന്നവര്‍ക്ക് മേല്‍ ഉപാധികള്‍ വയ്ക്കാറുണ്ടെന്നും, അവ ലംഘിക്കുന്ന പക്ഷം ഉടന്‍ തന്നെ ഗാര്‍ഡയെ ഉപയോഗിച്ച് അവരെ അറസ്റ്റ് ചെയ്ത് തിരികെ ജയിലില്‍ എത്തിക്കുകയും, ഭാവിയില്‍ താല്‍ക്കാലിക മോചനം നിരാകരിക്കുകയും ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply