യുകെയില്‍ മലയാളിക്ക് നേരെ വീണ്ടും വംശീയ ആക്രമണം. ലിവര്‍പൂളിലാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ മലയാളിയായ യുവാവിനെ പുറകെ സൈക്കിളിലെത്തിയ കൗമാരക്കാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്നും ലിവര്‍പൂള്‍ മലയാളിയും, സാമൂഹികപ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ മലയാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
തന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍ ആയതിനാല്‍ കടയിലേയ്ക്ക് നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളിലെത്തിയ 18 വയസ് തോന്നിക്കുന്ന കൗമാരക്കാരന്‍, ‘പ്രദേശത്തെ കുട്ടികളെ പിന്തുടര്‍ന്നോ’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അക്രമിയുടെ കൈയില്‍ ഒരു വടിവാളും ഉണ്ടായിരുന്നു. മലയാളി യുവാവിനോട് ഇയാള്‍ ക്ഷമ പറയാന്‍ ആവശ്യപ്പെട്ടെങ്കിലും, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് മറുപടി പറഞ്ഞതോടെ അക്രമി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് വെട്ടേറ്റതായും സൂചനയുണ്ട്.
അതേസമയം രക്ഷപ്പെടുന്നതിനിടെ സഹായത്തിനായി യുവാവ് സമീപത്തെ ട്രാഫിക് സിഗ്നലിലെത്തി സഹായം ചോദിച്ചെങ്കിലും, പുറകെയെത്തിയ കൗമാരക്കാരന്‍, ഇയാള്‍ ബ്രിട്ടീഷുകാരനല്ല എന്ന് പറഞ്ഞുകൊണ്ട് ആളുകളെ പിന്തിരിപ്പിച്ചതായും പറയപ്പെടുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ആരോപണമുണ്ട്.
ലെസ്റ്ററിലും ആക്രമണം
അതേസമയം ഇംഗ്ലണ്ടിലെ മറ്റൊരു നഗരമായ ലെസ്റ്ററില്‍ ആശുപത്രി ജീവനക്കാരനായ മലയാളിയെ രണ്ട് യുവാക്കള്‍ ആക്രമിക്കുകയും, സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ലെസ്റ്ററിലെ വിക്ടോറിയ പാര്‍ക്കില്‍ വച്ച് സ്ഥലം ചോദിക്കാനെന്ന രീതിയില്‍ യുവാവിനെ സമീപിച്ച രണ്ടുപേര്‍, ഇദ്ദേഹത്തിന്റെ കൈപിടിച്ച് തിരിക്കുകയും, പഴ്‌സും, ഫോണും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കൈയില്‍ ഇല്ലെന്ന് മറുപടി നല്‍കിയതോടെ മുഖത്തടിക്കുകയും, കൈയിലുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം പാര്‍ക്കില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഇവിടെ നിന്നും രക്ഷപ്പെട്ട് ഓടിയ മലയാളി യുവാവ് ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ ചികിത്സ തേടുകയും, പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് വംശീയമായ ആക്രമണമാണോ എന്നതില്‍ വ്യക്തതയില്ല.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വംശീയ ആക്രമണം
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ റസ്റ്ററന്റ് ജീവനക്കാരായ മലയാളി യുവാക്കളെ ഒരു സംഘം ചെറുപ്പക്കാര്‍ ശനിയാഴ്ച രാത്രി മര്‍ദ്ദിച്ചതായും, വീട്ടിലേയ്ക്ക് മടങ്ങിപ്പോ എന്ന് ആക്രോശിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം ആന്‍ട്രിം കൗണ്ടിയില്‍ മലയാളികളുടെ കാറിന് കറുത്ത പെയിന്റ് അടിക്കുകയും, കുടിയേറ്റ വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുടെ പേര് എഴുതി വച്ച സംഭവവും ഉണ്ടാകുകയും ചെയ്തു. അയര്‍ലണ്ടിന് പിന്നാലെ യുകെയിലും വംശീയമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്ത് വംശീയതയ്ക്ക് ഇടമില്ലെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു.