അയര്‍ലണ്ടില്‍ പലചരക്ക് സാധനങ്ങളുടെ വില വീണ്ടും വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ പലചരക്ക് ഉല്‍പ്പന്നങ്ങളുടെ വില 5.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഉപഭോക്തൃ സംഘമായ Worldpanel by Numerator-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശൈത്യകാലം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അയര്‍ലണ്ടിലെ വിവിധ കമ്പനികള്‍ വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ഇരട്ടി ഭാരമാണ് നല്‍കുന്നത്. പുതിയ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ചെലവുകളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ഈ വിലവര്‍ദ്ധന എന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി നാല് മാസത്തിനിടെ പലചരക്ക് വില്‍പ്പന (സെപ്റ്റംബര്‍ 7 വരെയുള്ള കണക്ക്) 6% വര്‍ദ്ധിച്ചിട്ടുണ്ട്. മധുരമുള്ള ബേക്കറി പലഹാരങ്ങള്‍, ഫ്രഷ് ഫ്രൂട്ട്‌സ്, ബ്രേക്ഫാസ്റ്റ് സെറീലുകള്‍, ഉപ്പും എരിവുമുള്ള സ്‌നാക്കുകള്‍, യോഗര്‍ട്ട് എന്നിവയുടെ വില്‍പ്പന 5.3 മില്യണ്‍ യൂറോയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 68.8 മില്യണ്‍ യൂറോയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഇതേ കാലയളവിലെ ഭക്ഷ്യവില പെരുപ്പം 2.8% ആയിരുന്നു എന്നതും കൂടി കണക്കിലെടുക്കണം.
രാജ്യത്തെ മാര്‍ക്കറ്റ് ഷെയറിന്റെ 23.9% പിടിച്ചിരിക്കുന്നത് Dunnes Stores ആണെന്നും, Tesco-യുടെ ഷെയര്‍ 23.7% ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. SuperValu-വിന്റെ മാര്‍ക്കറ്റ് ഷെയര്‍ 19.5%, Lidl-ന്റേത് 14.2%, Aldi-യുടേത് 11.6% എന്നിങ്ങനെയുമാണ്.