ട്രംപിന്റെ ഭരണത്തിൽ പൊറുതിമുട്ടിയോ? അയർലണ്ടിൽ അഭയം തേടുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധന

യുഎസില്‍ ഡോണള്‍ഡ് ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായി അധികാരമേറ്റത്തിന് പിന്നാലെ, അയര്‍ലണ്ടില്‍ അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2025-ല്‍ ഇതുവരെ 76 അമേരിക്കക്കാര്‍ ഇത്തരത്തില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ വഴി അയര്‍ലണ്ടില്‍ അഭയം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2024-ല്‍ ആകെ അപേക്ഷ സമര്‍പ്പിച്ചത് 22 പേരായിരുന്നു.

തങ്ങളുടെ വംശം, മതം, പൗരത്വം, രാഷ്ട്രീയ നിലപാടുകള്‍, സാമൂഹികസംഘടനകളിലെ അംഗത്വം എന്നിവയുടെ പേരില്‍ തങ്ങളെ സര്‍ക്കാര്‍ വേട്ടയാടാന്‍ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളോടെയാണ് ഒരു രാജ്യത്തെ പൗരന്മാര്‍ മറ്റൊരു രാജ്യത്ത് അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ നല്‍കേണ്ടത്.

ഇതിനൊപ്പം ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം മുതല്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2024-ല്‍ ഇത്തരത്തില്‍ ആകെ 31,825 അപേക്ഷകളാണ് ലഭിച്ചത്. 2016-ന് ശേഷം ഇത്രയും അപേക്ഷകള്‍ ലഭിക്കുന്നത് ആദ്യമാണ്. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതും 2016-ലായിരുന്നു. 2025 ജനുവരി 20-നാണ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റത്.

2025-ലെ ആദ്യ എട്ട് മാസങ്ങളില്‍ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച അമേരിക്കന്‍ പൗരന്മാരുടെ എണ്ണം ഇതുവരെ 26,111 ആണ്. 2022-ല്‍ ആകെ ലഭിച്ച അപേക്ഷകളെക്കാളും അധികമാണിത്. ട്രംപിന്റെ ഭരണത്തിന് കീഴില്‍ യുഎസിലെ ധാരാളം പേര്‍ അസ്വസ്ഥരാണ് എന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകള്‍.

Share this news

Leave a Reply