അയർലണ്ടിൽ വീടുകളുടെ ലഭ്യതയിൽ നേരിയ വർദ്ധന; ഡബ്ലിനിൽ വിലക്കയറ്റം കുറഞ്ഞു

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി ചെറിയ രീതിയില്‍ കുറയുന്നുവെന്നും, വീടുകളുടെ ലഭ്യത നേരിയ തോതില്‍ കൂടുന്നുവെന്നും വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. എങ്കിലും അയര്‍ലണ്ടില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭവനവില ഉയര്‍ന്നും, ഭവന ലഭ്യത കുറഞ്ഞും തന്നെ തുടരുകയാണ് എന്നും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 11,925 സെക്കന്‍ഡ് ഹാന്‍ഡ് ഹോമുകളായിരുന്നു വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 2024 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 1% അധികമാണിത്. പക്ഷേ 2015-2019 കാലത്തെക്കാള്‍ പകുതിയോളം കുറവുമാണിത്.

അതേസമയം രാജ്യത്ത് ഭവനവില ഉയരുന്നത് ഡബ്ലിന്‍ പ്രദേശത്തെ സംബന്ധിച്ചിടത്തോളം മെല്ലെയായിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 4.5% ആണ് ഡബ്ലിനില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നത്. Munster-ല്‍ ഇത് 5 ശതമാനവും, മറ്റ് പ്രധാന നഗരങ്ങളില്‍ ശരാശരി 5.8 ശതമാനവുമാണ്.

ദേശീയതലത്തില്‍ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന് ഈ വര്‍ഷം മൂന്നാം പാദത്തിലെ (ജൂലൈ,ഓഗസ്റ്റ്,സെപ്റ്റംബര്‍) വില ശരാശരി 421,000 യൂറോ ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 5.9 ശതമാനവും, കോവിഡ് കാലത്തെക്കാള്‍ 39 ശതമാനവും അധികമാണിത്. Celtic Tiger എന്ന് വിളിക്കപ്പെടുന്ന അതീവ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്തെക്കാള്‍ 10% മാത്രം കുറവും.

ഡബ്ലിനില്‍ ആകട്ടെ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന് ശരാശരി 557,000 യൂറോ ആണ് വില. മുന്‍ വര്‍ഷത്തെക്കാള്‍ 4% ആണ് വര്‍ദ്ധന.

Share this news

Leave a Reply