അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മുന്‍ അദ്ധ്യാപകന് 16 മാസം തടവ് ശിക്ഷ. 2021 ഒക്ടോബര്‍ 25-നാണ് Ennis-ലെ Lahinch-ലുള്ള Liscannor Rd-ല്‍ വച്ച് പുലര്‍ച്ചെ 3.45-ഓടെ, പ്രതിയായ Tony Greene (35) ഓടിച്ച കാര്‍, മറ്റൊരു കാറിലിടിച്ച് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ഇയാളുടെ കാറിന്റെ ലൈറ്റുകള്‍ ഓണാക്കിയിരുന്നുമില്ല. മാത്രമല്ല റോഡിന്റെ തെറ്റായ ദിശയിലൂടെയായിരുന്നു ഇയാള്‍ കാര്‍ ഓടിച്ചതെന്നും കോടതി നിരീക്ഷിച്ചു.
പ്രതിയുടെ വാഹനം ചെന്നിടിച്ചത് ക്ലെയര്‍ സ്വദേശിയായ Aisling Rouine എന്ന യുവതിയുടെ കാറിലേയ്ക്കായിരുന്നു. ശേഷം സമീപത്തെ മതിലിനും ഇടിച്ചു. അപകടശേഷം പ്രതിയായ Green, കാര്‍ നിര്‍ത്താതെ പോകുകയും ചെയ്തു. ഇയാളോടൊപ്പം കാറില്‍ വേറെ മൂന്ന് പേരും ഉണ്ടായിരുന്നു. പിറ്റേന്ന് തന്റെ കാര്‍ മോഷണം പോയെന്ന് Green ഗാര്‍ഡയ്ക്ക് പരാതി നല്‍കി.
ഭാഗ്യവശാല്‍ അപകടത്തിന് ഇരയായ Rouine-ന് സാരമായ പരിക്കേറ്റില്ല. എന്നാല്‍ അപകടം ഇവര്‍ക്ക് വലിയ മാനസിക ആഘാതമാണ് സൃഷ്ടിച്ചത്.
ഗാര്‍ഡ പിന്നീട് നടത്തിയ അന്വേഷണത്തില്‍ Green-ന്റെ പരാതി നുണയാണെന്ന് വ്യക്തമാകുകയായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും, എന്നാല്‍ നിലവില്‍ മദ്യപിക്കാറില്ലെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജഡ്ജ് 30 മാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, ഇത് 16 മാസമാക്കി കുറയ്ക്കുകയായിരുന്നു.