അയർലണ്ടിൽ വിന്റർ സീസണ് ആരംഭം: വീട് കയറിയുള്ള കൊള്ളകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്, ആറു മാസത്തിനിടെ 900 അറസ്റ്റുകൾ, ‘ഓപ്പറേഷൻ തോർ’ ആരംഭിച്ച് ഗാർഡ

അയര്‍ലണ്ടില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ (ഏപ്രില്‍-സെപ്റ്റംബര്‍) ഭവനഭേദനവുമായി ബന്ധപ്പെട്ട് 900-ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിതായി ഗാര്‍ഡ. ദിവസവും നാല് പേര്‍ എന്ന രീതിയില്‍ അറസ്റ്റുകളുണ്ടായതായും, വിന്റര്‍ സീസണ്‍ ആരംഭിക്കുന്നതോടെ ഇത്തരം സംഭവങ്ങള്‍ 20% വര്‍ദ്ധിച്ചേക്കാമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. വിന്റര്‍ സീസണില്‍ പകലുകള്‍ക്ക് ദൈര്‍ഘ്യം കുറയുന്നത് കുറ്റവാളികള്‍ മുതലെടുക്കുന്നതിനാലാണ് ഇത്.

ഏപ്രില്‍ മാസം ആരംഭിച്ചതിന് ശേഷം ഓരോ കൗണ്ടികളിലും എല്ലാ ആഴ്ചയും മൂന്ന് വീടുകള്‍ വീതം കൊള്ളയടിക്കപ്പെടുന്നതായാണ് ഗാര്‍ഡയുടെ കണക്ക്.

വിന്റര്‍ സീസണിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗാര്‍ഡ വര്‍ഷംതോറും നടത്തിവരാറുള്ള ‘ഓപ്പറേഷന്‍ തോര്‍’ ബുധനാഴ്ച ആരംഭിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓപ്പറേഷന്‍ തോര്‍ ആരംഭിച്ച ശേഷമുള്ള വിന്റര്‍ സീസണുകളില്‍ (ഒക്ടോബര്‍-മാര്‍ച്ച്) വീട് കയറിയുള്ള കൊള്ളകള്‍ 75% കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ റൂറല്‍ ഏരിയകളാണ് പ്രത്യേകിച്ചും കൊള്ളക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗാര്‍ഡ ഡിറ്റക്ടീവ് സൂപ്രണ്ട് സീമസ് ബൊലാന്‍ഡ് പറഞ്ഞു. തൊട്ടടുത്ത് അയല്‍ക്കാരില്ലാതെ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply