വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ഒക്ടോബർ 5-ന്

വെക്സ്ഫോർഡ് (അയർലണ്ട്):  വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ   ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും, പരിശുദ്ധ ദൈവമാതാവിൻ്റേയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ  2025 ഒക്ടോബർ 5 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കൽ  തിരുനാളിനു കൊടിയേറ്റും.   ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം. തിരുനാൾ തിരുകർമ്മങ്ങൾക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ   ഫാ. ജോസഫ് ഓലിയക്കാട്ട്  മുഖ്യകാർമ്മികനായിരിക്കും. ഫാ. പോൾ കോട്ടയ്ക്കൽ (സെൻ്റ് പോൾസ്) സഹ കാർമ്മികനായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.

ദൈവകൃപ ഏറ്റുവാങ്ങുവാൻ,  സ്വീകരിച്ച നന്മകൾക്ക് നന്ദി പറയുവാൻ, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവങ്ങൾ സ്വന്തമാക്കുവാൻ ഏവരെയും തിരുനാളിലേയ്ക്ക്  സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply