ഗാർഡയ്ക്ക് ‘പണി കൊടുത്ത്’ എഐ ഇമേജുകൾ; തമാശക്കളി അപകടം എന്ന് ഗാർഡ

ആളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി ഗാര്‍ഡയ്ക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ ആളുകള്‍ അതിക്രമിച്ച് കയറുന്ന തരത്തിലുള്ള എഐ നിര്‍മ്മിത ഇമേജുകള്‍ വ്യാപകമായി ലഭിക്കുന്നതായും, ഇതുകാരണം അനാവശ്യ അന്വേഷണങ്ങള്‍ തങ്ങള്‍ക്ക് നടത്തേണ്ടി വരുന്നുവെന്നും ഗാര്‍ഡ പറയുന്നു.

മിക്കപ്പോഴും കമിതാക്കളില്‍ ഒരാള്‍ മറ്റെയാളെ പറ്റിക്കാന്‍ വേണ്ടിയാണ് വീട്ടില്‍ ആരോ അതിക്രമിച്ച് കയറി എന്ന് മെസേജ് അയയ്ക്കുന്നത്. ശേഷം എഐ നിര്‍മ്മിത ഇമേജും അയയ്ക്കുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച് പലരും ഗാര്‍ഡയെ വിവരമറിയിക്കാന്‍ തുടങ്ങിയതോടെ സത്യമേതെന്നും, കള്ളമേതെന്നും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗാര്‍ഡ.

പലരും തമാശയായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ വഴി തങ്ങളുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നതെന്ന് ഗാര്‍ഡ പറയുന്നു. ഇതുകാരണം യഥാര്‍ത്ഥത്തിലുള്ള അക്രമസംഭവങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതായും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഗാര്‍ഡ വ്യക്തമാക്കി. ഇത്തരത്തിലുള്ള പറ്റിക്കല്‍ പരിപാടികളില്‍ ഗാര്‍ഡയെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നും, യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് വിലങ്ങുതടിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply