അയര്‍ലണ്ടില്‍ ആഞ്ഞുവീശിയ Storm Amy-യില്‍ ഒരു മരണം. കൗണ്ടി ഡോണഗലിലെ ലെറ്റര്‍കെന്നിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ Tommy Connor എന്നയാള്‍ മരിച്ചത്. റെഡ് അലേര്‍ട്ട് നിലനിന്നിരുന്ന പ്രദേശത്താണ് മരണം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് 4.15-ഓടെ ശക്തമായ കാറ്റില്‍ ഇദ്ദേഹം വീടിന് മുകളില്‍ നിന്നും വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം ശക്തമായ കൊടുങ്കാറ്റില്‍ രാജ്യത്തെ 87,000-ഓളം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി നഷ്ടമായിട്ടുണ്ട്. മരങ്ങള്‍ മറിഞ്ഞുവീണും, വെള്ളപ്പൊക്കം ഉണ്ടായും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി.
ഡോണഗലിലെ Malin Head-ല്‍ മണിക്കൂറില്‍ 148 കി.മീ വേഗത്തില്‍ കാറ്റ് വീശിയടിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത് ഇവിടെയാണ്. രാജ്യത്തെ കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ ESB ശ്രമം തുടരുകയാണ്.
നിലവില്‍ അയര്‍ലണ്ടിലെ എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച പകല്‍ 2 മണിക്ക് നിലവില്‍ വന്ന യെല്ലോ വിന്‍ഡ് വാണിങ് ഇന്ന് രാത്രി 11.59 വരെ തുടരും.