മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് 2022 മുതല്‍ നിരവധി ഗാര്‍ഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. 2022-ല്‍ 44 സസ്‌പെന്‍ഷനുകള്‍ ഉണ്ടായപ്പോള്‍, 2023-ല്‍ 27-ഉം, കഴിഞ്ഞ വര്‍ഷം 18-ഉം സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ ഗാര്‍ഡയ്ക്കുള്ളിലുണ്ടായി.
വിവരാവകാശനിയമപ്രകാരം BreakingNews.ie എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ ഒരാള്‍ക്ക് 1,317 ദിവസം വരെ സസ്‌പെന്‍ഷനില്‍ ഇരിക്കേണ്ടി വന്നതായും പറയുന്നു.
മേല്‍ പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ അന്യായമായി തടവില്‍ വയ്ക്കുക, Domestic Violence Act ഉത്തരവ് ലംഘിക്കുക, കൊള്ള, മോശം പെരുമാറ്റം, മറ്റൊരാളെ ബലാല്‍ക്കാരമായി നിയന്ത്രിക്കുക, അഴിമതി, ക്രിമിനല്‍ സ്വഭാവം, തെറ്റായ നടപടികളെടുക്കുക, ലഹരി ഉപയോഗിച്ച് വഹനമോടിക്കുക, ജീവന്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ റോഡപടമുണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ്, അപമാനിക്കല്‍, കുറ്റവാളികളുമായി കൂട്ടുചേരല്‍, മറ്റ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുക, ഡ്യൂട്ടി ചെയ്യാതിരിക്കുക, നിയമസംവിധാനത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുക, ലൈംഗിക കുറ്റകൃത്യങ്ങള്‍, മോഷണം മുതലായവയും വിവിധ ഗാര്‍ഡ ഉദ്യോഗസ്ഥരുടെ നേരെ സസ്‌പെന്‍ഷന്‍ നടപടിയെടുക്കാന്‍ കാരണമായിട്ടുണ്ട്.
ശരിയായി ഡ്യൂട്ടി ചെയ്യാത്ത 118 സംഭവങ്ങളാണ് 2022-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും, 2023-ല്‍ ഇത് 305 ആയി ഉയര്‍ന്ന ശേഷം, 2024-ല്‍ 87 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
2024-ല്‍ ക്രിമിനല്‍ സ്വഭാവത്തിലുള്ള ഒരു കേസാണ് ഗാര്‍ഡയ്ക്ക് നേരെ ഉണ്ടായത്. 2023-ല്‍ ഇത് ആറെണ്ണമായിരുന്നു. 2022-ലാകട്ടെ ഇത്തരം ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.