വിപണിയിൽ നിയമവിരുദ്ധമായ ഇടപെടൽ: പ്രമുഖ ബ്രാൻഡുകളായ ഗൂച്ചിക്കും, ക്ലോയിക്കും, ലോവെയ്ക്കും 157 മില്യൺ യൂറോ പിഴയിട്ട് യൂറോപ്യൻ കമ്മീഷൻ

മറ്റ് സ്വതന്ത്ര റീട്ടെയിലര്‍മാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാന്‍ ശ്രമിച്ചതിന് ഗൂച്ചി, ക്ലോയി, ലോവെ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 157 മില്യണ്‍ യൂറോ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. കമ്പനികളില്‍ 2023 ഏപ്രിലില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് യൂറോപ്യന്‍ കമ്മീഷന്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ 2024 ജൂലൈയില്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര റീട്ടെയിലര്‍മാര്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടങ്ങളില്‍ സാധനങ്ങള്‍ക്ക് സ്വന്തമായി വില നിശ്ചയിക്കുന്നത് തടയുന്ന തരത്തിലായിരുന്നു നടപടി നേരിട്ട കമ്പനികളുടെ ഇടപെടല്‍. ഇത് സാധനങ്ങളുടെ വില വര്‍ദ്ധിക്കാനും, ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം കുറയ്ക്കാനും കാരണമായെന്നും അധികൃതര്‍ കണ്ടെത്തി. ചില സമയങ്ങളില്‍ റീട്ടെയിലര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാതിരിക്കാന്‍ ഇടപെടുകയും ചെയ്തു.

നിയമലംഘനം നടത്തിയെന്ന് കമ്പനികള്‍ സമ്മതിച്ചതിനാല്‍ മൂന്ന് കമ്പനികള്‍ക്കും പിഴത്തുകയില്‍ കമ്മീഷന്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗൂച്ചിക്ക് 119.7 മില്യണ്‍ യൂറോയും, ഫ്രഞ്ച് ബ്രാന്‍ഡായ ക്ലോയിക്ക് 19.7 മില്യണ്‍ യൂറോയും, സ്‌പെയിനില്‍ നിന്നുമുള്ള ലോവെയ്ക്ക് 18 മില്യണ്‍ യൂറോയുമാണ് പിഴ.

Share this news

Leave a Reply