വാട്ടർഫോർഡിലെ ടൗണിൽ ഗാർഡകളെ കൂട്ടം ചേർന്ന് ആക്രമിച്ചു; പരിക്കേറ്റ 4 ഗാർഡകൾ അവധിയിൽ

കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ Dungarvan ടൗണില്‍ വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റ് നാല് ഗാര്‍ഡകള്‍ അവധിയില്‍. കഴിഞ്ഞയാഴ്ചയാണ് രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നാല് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. ഇവര്‍ ചികിത്സയുടെ ഭാഗമായി അവധിയില്‍ പ്രവേശിച്ചതോടെ എണ്ണക്കുറവ് പരിഹരിക്കാനായി അടുത്തുള്ള മറ്റ് സ്റ്റേഷനുകളില്‍ നിന്നും ഗാര്‍ഡ ഉദ്യോഗസ്ഥരെ എത്തിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.

ആദ്യ സംഭവത്തില്‍, വ്യാഴാഴ്ച രാത്രി ഒരാളെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇവര്‍ അവധിയിലാണ്.

രണ്ടാമത്തെ സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയിലാണ്. ടൗണില്‍ നടന്ന ക്രമസമാധാന പ്രശ്‌നത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ, സമീപത്തെ വീട്ടില്‍ നിന്നുമെത്തിയ ഏതാനും പേര്‍ ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

രണ്ട് സംഭവങ്ങളിലുമായി വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് ഗാര്‍ഡകള്‍ക്ക് പരിക്കേല്‍ക്കുകയും, ഇതില്‍ നാല് പേര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതിനിടെ തിങ്കളാഴ്ച രാത്രി ടൗണിലുണ്ടായ മറ്റൊരു സംഭവത്തില്‍ വേറെ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരും ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതില്‍ ഗാര്‍ഡകള്‍ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Share this news

Leave a Reply