അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡ എണ്ണക്കുറവിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നതിനിടെ ഈ വര്‍ഷം ഇതുവരെ സേനയില്‍ ചേരാന്‍ പുതുതായി അപേക്ഷ നല്‍കിയത് 11,000-ലധികം പേര്‍. ഒക്ടോബര്‍ 9-ന് അവസാനിച്ച അവസാന റിക്രൂട്ട്‌മെന്റില്‍ 4,334 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലെ റിക്രൂട്ട്‌മെന്റില്‍ 6,784 അപേക്ഷകളും ലഭിച്ചിരുന്നു.
സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടന്ന റിക്രൂട്ട്‌മെന്റില്‍ 40% അപേക്ഷകളും ലഭിച്ചത് 30 വയസിന് മേല്‍ പ്രായമുള്ളവരില്‍ നിന്നാണ്. ഫെബ്രുവരിയില്‍ ഇത് 42% ആയിരുന്നു. ആകെ അപേക്ഷകളില്‍ 32% പേര്‍ വനിതകളാണ്. ഗാര്‍ഡയില്‍ നിലവില്‍ ജോലി ചെയ്യുന്നതില്‍ 30% പേരാണ് വനിതാ ഉദ്യോഗസ്ഥര്‍.
അതേസമയം ‘വൈറ്റ് ഐറിഷ്’ വിഭാഗത്തില്‍ നിന്നും ഗാര്‍ഡയില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ ആകെ ലഭിച്ച അപേക്ഷകളില്‍ 88% പേര്‍ ഈ വിഭാഗത്തില്‍ നിന്നായിരുന്നെങ്കില്‍, ഈ വര്‍ഷം വൈറ്റ് ഐറിഷ് വിഭാഗത്തില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ 70% ആണ്. 5% അപേക്ഷകര്‍ ഏഷ്യന്‍ വംശജരും, 2% പേര്‍ കറുത്ത വര്‍ഗ്ഗക്കാരുമാണ് ഇത്തവണ.
പുതിയ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ നവംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് ശാരീരിക ക്ഷമത, വൈദ്യപരിശോധന, മയക്കുമരുന്ന് ഉപയോഗം ഇല്ലാതിരിക്കല്‍ മുതലായ പരിശോധനകളിലൂടെ കടന്നുപോകണം. ഇതിലും പാസാകുന്നവര്‍ക്കുള്ള ട്രെയിനിങ് 2026-ല്‍ ഗാര്‍ഡ കോളജില്‍ നടക്കും.
2025 ഫെബ്രുവരിയിലെ റിക്രൂട്ട്‌മെന്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ നിലവില്‍ ഗാര്‍ഡ കോളജില്‍ ട്രെയിനിങ്ങിലാണ്. നിലവില്‍ ഏകദേശം 14,325 പേരാണ് രാജ്യത്ത് ഗാര്‍ഡ സേനയിലുള്ളത്. ഇത് 15,000 ആക്കി ഉയര്‍ത്താനാണ് പുതിയ റിക്രൂട്ട്‌മെന്റുകളുടെ ഉദ്ദേശ്യം.






