ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കലാപമായി; ഗാർഡ വാഹനം തീയിട്ടു, ഒരു ഗാർഡയ്ക്ക് പരിക്ക്, 6 പേർ അറസ്റ്റിൽ

വെസ്റ്റ് ഡബ്ലിനിലെ Saggart-ല്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ഇന്നലെ നടന്ന സംഭവത്തില്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍ക്കുകയും, ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡയുടെ ഒരു വാഹനം പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിക്കുകയും, ഗാര്‍ഡയ്ക്ക് നേരെ പടക്കവും, കുപ്പികളും എറിയുകയും ഉണ്ടാകുകയും ചെയ്തു.

തിങ്കളാഴ്ച പ്രദേശത്ത് ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത പ്രതിഷേധമാണ് City West-ല്‍ നടന്നത് എന്നാണ് വിവരം.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26-കാരനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ കുടിയേറ്റക്കാരനാണ് എന്നതാണ് കുടിയേറ്റവിരുദ്ധര്‍ ഒത്തുചേര്‍ന്നുള്ള പ്രക്ഷോഭത്തിലേയ്ക്ക് നയിച്ചത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി, കുടുംബത്തിന്റെ ആവശ്യപ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ Tusla-യുടെ സംരക്ഷണയിലായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ആരോടും പറയാതെ പുറത്തുകടന്ന പെണ്‍കുട്ടിയെ ചെറുപ്പക്കാരന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം.

ഇതിനെ തുടര്‍ന്ന് ഇന്നലെ നടന്ന പ്രതിഷേധം കലാപത്തിന് വഴിമാറുകയും, ഗാര്‍ഡയെ ലക്ഷ്യമിട്ട് ആക്രമണം നടക്കുകയും ചെയ്തു. ഗാര്‍ഡയ്ക്ക് നേരെ പടക്കമേറും, കല്ലേറും ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിഷേധം അതിരുവിട്ടതോടെ ഗാര്‍ഡ ഹെലികോപ്റ്ററും സഹായത്തിനെത്തി.

നിലവില്‍ ആറ് പേരെ ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും, വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും ഗാര്‍ഡ അറിയിച്ചു. ഏകദേശം 300-ഓളം ഗാര്‍ഡകളെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.

സമാധാനപരമായ പ്രതിഷേധത്തിന് പകരം തെമ്മാടിത്തരമാണ് ഇവിടെ നടന്നത് എന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. സംഭവത്തെ നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാനും, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും അപലപിച്ചു.

Share this news

Leave a Reply