ഡബ്ലിന്‍ Saggart-ല്‍ പെണ്‍കുട്ടിക്ക് നേരെ കുടിയേറ്റക്കാരനായ വ്യക്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം രണ്ടാം രാത്രിയിലും തുടര്‍ന്നു. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി സര്‍ക്കാര്‍ വാങ്ങിയ സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുന്നില്‍ കഴിഞ്ഞ രാത്രിയിലും നൂറുകണക്കിന് പേര്‍ സംഘടിച്ചെത്തുകയും ഗാര്‍ഡയ്ക്ക് നേരെ പടക്കമേറ് അടക്കമുള്ള ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഹോട്ടലിന് സമീപത്ത് വച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് 10 വയസുകാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അറസ്റ്റിലായ 26-കാരനായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച പ്രതിഷേധമാണ് തുടര്‍ച്ചയായ മൂന്നാം രാത്രിയിലും തുടര്‍ന്നത്. തിങ്കളാഴ്ച രാത്രിയിലെ പ്രതിഷേധം കാര്യമായ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായിരുന്നില്ലെങ്കിലും, ചൊവ്വാഴ്ച ഇത് അക്രമാസക്തമായി. ഇതില്‍ ഒരു ഗാര്‍ഡയ്ക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗാർഡയുടെ ഒരു വാഹനത്തിനും പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധം കലാപമായി മാറിയതോടെ നേരത്തെ ആറ് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധമല്ല, തെമ്മാടിത്തരമാണ് നടക്കുന്നത് എന്ന പ്രതികരിച്ച ഗാര്‍ഡ, ഇതിനെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി.
രാത്രി 7 മണിക്കും 8 മണിക്കും ഇടയിലായി സംഘടിച്ചെത്തിയ പ്രതിഷേധക്കാരും 40-ഓളം ഗാര്‍ഡകളുമായാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. ഗാര്‍ഡയ്ക്ക് നേരെ കുപ്പികളും, പടക്കവും വലിച്ചെറിയുകയും ഉണ്ടായി. സമീപത്തെ ലുവാസ് ട്രാംപ് സ്റ്റോപ്പ് പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും ചെയ്തു. ഹോട്ടലില്‍ കടക്കാതെ ഗാര്‍ഡ പ്രതിഷേധക്കാരെ അകറ്റി നിര്‍ത്തിയിരുന്നു. ഗാര്‍ഡ ഹെലികോപ്റ്ററും സഹായത്തിനെത്തി. കലാപത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി മാദ്ധ്യമങ്ങളോട് പറഞ്ഞു.






