സൗമ്യ മുഖം, നിലപാടുകളിൽ കർക്കശക്കാരി: അയർലണ്ടിന്റെ പുതിയ പ്രസിഡന്റ് കാതറിൻ കോണലിയെ അടുത്തറിയാം…

അയര്‍ലണ്ടിന്റെ പുതിയ പ്രസിഡന്റായി കാതറിന്‍ കോണലി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ 24ന് നടന്ന വോട്ടെടുപ്പില്‍ 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കോണലി, എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹെതര്‍ ഹംഫ്രിസിനെ തോല്‍പ്പിച്ചത്. ഇതാ, രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ ഒന്ന് അടുത്തറിയാം…

14 മക്കളില്‍ ഒരാള്‍, സൈക്കോളസിറ്റും, അഭിഭാഷകയും

1957 ജൂലൈ 12ന് ഗോള്‍വേയിലാണ് കാതറിന്‍ മാര്‍ട്ടീന ആന്‍ കോണലി എന്ന കാതറിന്‍ കോണലിയുടെ ജനനം. ഗോള്‍വേ സിറ്റിയിലെ Shantalla സ്വദേശിയായ കോണലി, മാതാപിതാക്കളുടെ 14 മക്കളില്‍ ഒരാളാണ്. ആസ്ത്മ രോഗം കാരണം തന്റെ 43ആം വയസില്‍ അമ്മ മരിക്കുമ്പോള്‍ ഒമ്പത് വയസായിരുന്നു കോണലിക്ക് പ്രായം.

1981ല്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ കോണലി, ആ മേഖലയില്‍ പ്രവര്‍ത്തിക്കുകയും, പിന്നീട് 1989-ല്‍ ഗോള്‍വേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമപഠനത്തില്‍ ബിരുദം നേടുകയും ചെയ്തു. ഏതാനും കാലം അഭിഭാഷകയായും ജോലി ചെയ്തു.

രാഷ്ട്രീയത്തിലേയ്ക്ക്

ലേബര്‍ പാര്‍ട്ടി അംഗമായി രാഷ്ട്രീയജീവിതം ആരംഭിച്ച കോണലി, 1999ല്‍ ഗോള്‍വേ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, 2004 മുതല്‍ 2005 വരെ ഗോള്‍വേ മേയറായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് 2006ല്‍ അവര്‍ പാര്‍ട്ടി വിടുകയും, 2007, 2011 വര്‍ഷങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് പരാജയപ്പെടുകയും ചെയ്തു.

2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ Dailലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണലി, 2020 മുതല്‍ 2024 വരെ ഐറിഷ് പാര്‍ലമെന്റിലെ ആദ്യത്തെ വനിതാ സ്പീക്കര്‍ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു.

നിലപാടുകളില്‍ കര്‍ക്കശക്കാരി

തന്റെ ഇടതുപക്ഷ ചായ്‌വ് വ്യക്തമാക്കിയിട്ടുള്ള കോണലി, സോഷ്യലിസം, സമാധാനം എന്നീ ആദര്‍ശങ്ങള്‍ പിന്തുടരുന്നയാളാണ്. ഐറിഷ് നിഷ്പക്ഷതയ്ക്ക് വേണ്ടി വാദിക്കുന്ന അവര്‍ പലപ്പോഴും നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സൈനികവല്‍ക്കരണം എന്നിവയ്ക്ക് എതിരെയുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെ നിശിതമായി വിമര്‍ശിക്കുകയും, അതേസമയം റഷ്യയോടുള്ള നാറ്റോയുടെ സമീപനം അക്രമാസക്തമാണെന്ന വ്യക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് കോണലി.

ഇസ്രായേല്‍ – പലസ്തീന്‍ വിഷയത്തിലും പലസ്തീന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിട്ടുള്ള അവര്‍, ഇസ്രായേല്‍ വംശഹത്യ നടത്തുന്ന രാജ്യമാണ് എന്ന് തുറന്നുപറയാനും മടിച്ചില്ല.

കോണലി എന്ന ദേശീയവാദിയും പുരോഗനമവാദിയും

ഇതിനെല്ലാം പുറമെ ഐക്യ അയര്‍ലണ്ടിനായി വാദിക്കുന്ന ഒരു ദേശീയവാദി കൂടിയാണ് കാതറിന്‍ കോണലി. സ്വവര്‍ഗ വിവാഹങ്ങളെയും, ഗര്‍ഭഛിദ്രം നടത്താനുള്ള സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്ന വ്യക്തിയുമാണ് കോണലി.

ഇനി അയര്‍ലണ്ടിന്റെ പ്രസിഡന്റ്

കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് കാതറിന്‍ കോണലി രാജ്യത്തിന്റെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനപ്രതിപക്ഷമായ Sinn Feinന് പുറമെ ലേബര്‍ പാര്‍ട്ടി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി, 100% റീഡ്രസ്സ് മുതലായ പാര്‍ട്ടികളും, അനവധി സ്വതന്ത്രരും തെരഞ്ഞെടുപ്പില്‍ കോണലിയെ പിന്തുണച്ചിരുന്നു.

Share this news

Leave a Reply