ബലൂചിസ്ഥാൻ പരാമർശം: സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ

സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. റിയാദില്‍ നടന്ന സിനിമാ സംബന്ധിയായ ഒരു പൊതുപരിപാടിയില്‍ നടന്‍ പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവയെ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് സല്‍മാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആവശ്യവുമായി ഇവിടെ വിമതര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂള്‍ പ്രകാരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയിലും സല്‍മാന്റെ പേരില്ല.

Share this news

Leave a Reply