കോടതി വിചാരണയില്‍ നിന്നും ഒഴിവാകുന്നതിനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച സ്ത്രീക്ക് മൂന്ന് വര്‍ഷം തടവ്. വെക്‌സ്‌ഫോര്‍ഡിലെ Connagh സ്വദേശിയായ Amy McAuley എന്ന 35കാരിയെയാണ് കോടതി ശിക്ഷിച്ചത്.
2018ല്‍ KBC Bankല്‍ നിന്നും 10,000 യൂറോ ലോണ്‍ എടുക്കുന്നതിനായി വ്യാജരേഖകള്‍ ചമച്ചു എന്നതായിരുന്നു ഇവര്‍ക്ക് എതിരായ കേസ്. പിന്നീട് വ്യാജരേഖയുണ്ടാക്കി വീണ്ടും 5,000 യൂറോ കൂടി ലോണെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേസില്‍ 2023 ജനുവരിയില്‍ ഇവര്‍ Dublin Circuit Criminal Courtല്‍ ഹാജരാകേണ്ടതായിരുന്നു.
എന്നാല്‍ വിചാരണയ്ക്ക് മുമ്പ് ഒരു സഹോദരി എന്ന പേരില്‍ ഗാര്‍ഡയെ വിളിച്ച ഇവര്‍, Amy McAuley മരിച്ചു എന്ന് അറിയിക്കുകയായിരുന്നു. ഒപ്പം വ്യാജ മരണവിവരം Wexford County Councilനെ അറിയിച്ച ഇവര്‍, മരണ സര്‍ട്ടിഫിക്കറ്റും ഒപ്പിച്ചു.
എന്നാല്‍ 2023 മദ്ധ്യത്തോടെ Amy McAuley ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കിയ ഗാര്‍ഡ അന്വേഷണമാരംഭിക്കുകയായിരുന്നു. തനിക്ക് ചെറിയ കുട്ടിയുള്ളത് കാരണമാണ് താന്‍ കോടതിയില്‍ ഹാജരാകാന്‍ മടിച്ചതെന്നായിരുന്നു ഇവര്‍ ഗാര്‍ഡയോട് പറഞ്ഞത്.
തുടര്‍ന്ന് കോടതിയിലെത്തിച്ച Amy McAuleyക്ക് നാല് വര്‍ഷത്തെ തടവാണ് ആദ്യ വിധിച്ചതെങ്കിലും, കര്‍ശന ഉപാധികളോടെ അത് മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. തടവിന് ശേഷം 12 മാസം സാമൂഹ്യസേവനം നടത്തുകയും വേണം.






