ഡബ്ലിനിൽ ഹാലോവീൻ ആഘോഷത്തിനിടെ വീട്ടിലേയ്ക്ക് വാണം കത്തിച്ച് വിട്ടു; സ്ത്രീക്ക് ഗുരുതര പരിക്ക്; ഗാർഡയ്ക്ക് നേരെയും പടക്കമേറ്

ഹാലോവീന്‍ രാത്രിയില്‍ വീട്ടിലേയ്ക്ക് കത്തിച്ചുവിട്ട വാണം വന്ന് വീണ് യുവതിക്ക് പരിക്ക്. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 6.30-ഓടെ ഡബ്ലിനിലെ ക്രംലിനിലുള്ള Cashel Avenue-വിലാണ് സംഭവം.

ഇതേ പ്രദേശത്ത് സംഭവത്തിന് കുറച്ച് നേരം മുമ്പ് ആഘോഷത്തിനായി ഒത്തുചേര്‍ന്ന ആളുകള്‍ പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡയ്ക്ക് നേരെയും പടക്കങ്ങളും, വാണവും എറിഞ്ഞിരുന്നു. തുടര്‍ന്ന് പട്രോളിങ് സംഘത്തിന് അവിടെ നിന്നും പോരേണ്ടതായി വരികയും ചെയ്തു. പിന്നീട് പബ്ലിക് ഓര്‍ഡര്‍ യൂണിറ്റ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീട്ടിലേയ്ക്ക് വാണം കത്തിച്ചുവിട്ടതായി റിപ്പോര്‍ട്ട് എത്തിയത്. സംഭവത്തില്‍ പരിക്കേറ്റ 30-ലേറെ പ്രായമുള്ള യുവതിക്ക് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പിന്നീട് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 5.45 മുതല്‍ 6.45 വരെ ഡബ്ലിന്‍ 12-ലെ ക്രംലിനിലുള്ള Cashel Road പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും അക്രമസംഭവങ്ങള്‍ വീഡിയോ എടുത്തിട്ടുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വഴി കടന്നുപോയ ഏതെങ്കിലും വാഹനങ്ങളുടെ ഡാഷ് ക്യാമറയിലും ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാം. ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാവുന്നതാണ്:
Crumlin Garda Station – (01) 666 6200
Garda Confidential Line – 1800 666 111

Share this news

Leave a Reply