ഡ്രോഹെഡയിലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കോമ്മഡേഷൻ സർവീസ് (IPAS) കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തു. 20ന് മേൽ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും, ഇവർക്കെതിരെ കേസ് ചുമത്തിയതായും ഗാർഡ അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി.
Co Louth-ലെ ഡ്രോഹെഡയിലുള്ള ജോർജ്സ് സ്ട്രീറ്റിൽ ഒക്ടോബർ 31-ാം തീയതി വെള്ളിയാഴ്ച രാത്രിയിലാണ് അഭയാർത്ഥികളെ താമസിപ്പിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. ആദ്യഘട്ട റിപ്പോർട്ടുകൾ പ്രകാരം പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതാണെന്നായിരുന്നു സൂചന. എന്നാൽ ഗാർഡ നടത്തിയ തുടർ അന്വേഷണത്തിൽ ആരോ മനപ്പൂർവം തീവച്ചതാണെന്ന് തെളിഞ്ഞു.
വീടിനുള്ളിലെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും, ചിലരെ Our Lady of Lourdes ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതായും ഗാർഡ അറിയിച്ചു.
ആദ്യ പ്രതിയെ ബുധനാഴ്ച രാത്രിയും, രണ്ടാമനെ വ്യാഴാഴ്ച രാവിലെയുമാണ് അറസ്റ്റ് ചെയ്തത്.






