ഡബ്ലിന്‍ നഗരത്തിലെ ഏതാണ്ട് എല്ലാ റോഡുകളിലെയും പരമാവധി വേഗത മണിക്കൂറില്‍ 30 കി.മീ ആക്കി കുറയ്ക്കാന്‍ സിറ്റി കൗണ്‍സില്‍. റസിഡന്‍ഷ്യല്‍ ഏരിയകളടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ നിയന്ത്രണമുണ്ടെങ്കിലും, വേഗപരിധി ഉയര്‍ന്ന മറ്റ് പ്രദേശങ്ങളില്‍ കൂടി വൈകാതെ നിയന്ത്രണം നടപ്പിലാക്കും. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാന്‍ സിറ്റി കൗണ്‍സില്‍ തയ്യാറെടുക്കുകയാണ്.
വേഗത കുറയ്ക്കുക വഴി റോഡപകട മരണങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് Irish Doctors for the Environment അംഗമായ Dr Caoimhe Clarke പറഞ്ഞു. 50 കി.മീ വേഗത്തില്‍ വരുന്ന ഒരു കാര്‍ ഇടിച്ചാല്‍ ഒരാള്‍ മരിക്കാനുള്ള സാധ്യത 40% ആണെങ്കില്‍, 30 കി.മീ വേഗത്തില്‍ വരുന്ന കാര്‍ ഇടിച്ചാലുള്ള മരണ സാധ്യത 13% ആണ്. വലിയ അന്തരമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






