‘രാഷ്ട്രീയം പറയാൻ കോടികൾ മുടക്കി സിനിമ എടുക്കണോ? ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടാൽ പോരെ?’: പൃഥ്വിരാജ്

തീവ്രഹിന്ദുത്വവാദികളില്‍ നിന്നും ഏറെ വിമര്‍ശനം നേരിട്ട സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍.’ എന്നാല്‍ രാഷ്ട്രീയം പറയാനല്ല താന്‍ ഈ സിനിമ എടുത്തതെന്നും, രാഷ്ട്രീയം പറയാനാണെങ്കില്‍ കോടികള്‍ മുടക്കി സിനിമ എടുക്കാതെ, ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടാല്‍ പോരേ എന്നും ചോദിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വി. തനിക്ക് എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

‘ഞാന്‍ അതില്‍ അഫക്ടഡ് ആവണമെങ്കില്‍ മനപൂര്‍വ്വം ഒരു പര്‍ട്ടിക്കുലര്‍ ഉദ്ദേശത്തോട് കൂടി സിനിമ ചെയ്തുവെന്ന് ഞാന്‍ ബോധവാനായിരിക്കണം. അതല്ലെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു, എനിക്ക് കണ്‍വിന്‍സ്ഡ് ആയി തോന്നി. തിരക്കഥ നായക നടനെയും നിര്‍മ്മാതാവിനെയും പറഞ്ഞു കേള്‍പ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആ സിനിമ ചെയ്തത്.’
മനോരമ ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു. അതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്താന്‍ ഒരു സിനിമ ഞാന്‍ ചെയ്യില്ല. കോടികള്‍ മുടക്കി ഒരു സിനിമ ചെയ്യണ്ട ആവശ്യമില്ല ഇന്നത്തെ കാലത്ത് അതിന്.’ പൃഥ്വി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ എത്തുന്ന ‘വിലായത്ത് ബുദ്ധ’ ആണ് പൃഥ്വിയുടെ പുതിയ സിനിമ. ജി.ആര്‍ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം നവംബര്‍ 21-ന് പ്രദര്‍ശനമാരംഭിക്കും.

Share this news

Leave a Reply