അയർലണ്ടിലെ ഊബർ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിലേയ്ക്ക്. ഊബറിന്റെ പുതിയ ഫിക്സഡ്-ഫെയർ മോഡലിനെതിരെ ദിവസങ്ങൾക്കു മുമ്പും ഡ്രൈവർമാർ പണിമുടക്ക് നടത്തിയിരുന്നു.
ഈ വ്യാഴാഴ്ച ഡബ്ലിനിൽ വൈകുന്നേരം 4.30 മുതൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചതായി സംഘാടകർ പറഞ്ഞു. അതുമൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. പുതിയ ഫിക്സഡ് ചാർജ്ജ് സംവിധാനം കാരണം ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും, ഈ സംവിധാനം നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) നിശ്ചയിച്ച നിലവിലെ നിരക്കിന്റെ പ്രസക്തിയെ ഇല്ലാതാകുന്നതാണെന്നും സംഘാടകർ വ്യക്തമാക്കി.
ഊബറിന്റെ പുതിയ ഫിക്സഡ് ചാർജ്ജ് സംവിധാനം പ്രകാരം, ട്രാഫിക് ബ്ലോക്ക്, വേറെ റൂട്ട് ഉപയോഗിക്കൽ തുടങ്ങിയ കാരണങ്ങളാൽ ടാക്സി നിരക്ക് ഉയരുന്നത് തടഞ്ഞുകൊണ്ട്, മുൻകൂട്ടി നിശ്ചയിച്ച തുക മാത്രം യാത്രക്കാർ നൽകിയാൽ മതിയാകും. ഇതുവഴി യാത്രക്കാർക്ക് ‘മീറ്റർ പേടി’ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഊബർ പറയുന്നത്. നേരത്തെ തീരുമാനിച്ച തുകയിലും കുറവാണ് മീറ്ററിൽ കാണിക്കുന്നത് എങ്കിൽ ആ തുക കൊടുത്താൽ മതി.
എന്നാൽ ഈ മോഡൽ പ്രകാരം ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുമ്പോഴും മറ്റും വലിയ ധനനഷ്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ഡ്രൈവർമാർ പറയുന്നു. മറ്റ് ടാക്സി ആപ്പുകളും ഇതേ സംവിധാനം പിന്തുടർന്നേക്കും എന്നും അവർ ആശങ്കപ്പെടുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ഡബ്ലിൻ എയർപോർട്ടിനോടും, മറ്റ് സ്ഥാപനങ്ങളോടും ഊബറുമായി സഹകരിക്കുന്നത് നിർത്തണമെന്നും, അല്ലെങ്കിൽ ബഹിഷ്കരണം നേരിടേണ്ടി വരുമെന്നും ഡ്രൈവർമാർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രശ്നത്തിൽ ഇടപെടാൻ, NTA-യോടും, ഗതാഗത മന്ത്രിയോടും സംഘാടകർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് നിലവിൽ 6,000-ത്തിലേറെ ഡ്രൈവർമാർ ഊബർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.






