ഗ്രീസ് യാത്രയ്ക്കിടെ Ryanair വിമാനത്തിൽ ചൂട് ചായ വീണ് 14-കാരനായ ബാലന്റെ വലതുകാലിന് പൊള്ളലേറ്റതായും, തൽക്ഷണ സഹായം ലഭിക്കാത്തതായും ഉള്ള കേസിൽ വിമാനക്കമ്പനി 20,000 യൂറോ നഷ്ടപരിഹാരം നൽകാൻ ധാരണ. ചൊവ്വാഴ്ച സർക്ക്യൂട്ട് സിവിൽ കോടതിയിൽ നടന്ന വാദത്തിലാണ് ഇരു കൂട്ടരും ധാരണയിൽ എത്തിയത്.
കാബിൻ ജീവനക്കാർ ഉടൻ സഹായം നൽകിയില്ലെന്നും, ബാലന്റെ പിതാവാണ് അവനെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി തണുത്ത വെള്ളം ഒഴിച്ച് പൊള്ളൽ തണുപ്പിച്ചതെന്നും പരാതിക്കാരുടെ വക്കീൽ ജഡ്ജിയെ അറിയിച്ചു.
തുടർന്ന് കാബിൻ സ്റ്റാഫ് ഒരു ചെറിയ കൂളിംഗ് പാച്ചും ഒരു ബേൺ ലോഷന്റെ ബോട്ടിലും കൊണ്ടുവന്നു. ഇതേ സംഭവത്തിൽ ബാലന്റെ അമ്മയായ ലോറ വാർഡിനും പൊള്ളലേറ്റിരുന്നു. രണ്ടാമത് ഒരു മെഡിക്കൽ കിറ്റ് കൂടി ലഭ്യമാക്കാൻ യോഗ്യരായ മെഡിക്കൽ സ്റ്റാഫിന്റെ സഹായം ആവശ്യമാണ് എന്നതിനാൽ യാത്രക്കാരിൽ നിന്നും സഹായം അഭ്യർത്ഥിച്ചെങ്കിലും, ആരോഗ്യ വിദഗ്ദ്ധർ ആരും ഇല്ലാതിരുന്നതിനാൽ വീണ്ടും മരുന്നുകളൊന്നും കിട്ടിയില്ല.
ഗ്രീസിൽ എത്തിച്ചേർന്നപ്പോൾ Ryanair കുടുംബത്തിന് ആംബുലൻസ് സഹായം ഒരുക്കുകയും, ബാലനെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് പൊള്ളൽ ശുചീകരിച്ച് മരുന്ന് നൽകുകയും ചെയ്തിരുന്നു.
പൊള്ളൽ ബാലന്റെ അവധിക്കാലത്തെ ബാധിച്ചുവെന്നും, ഒരു ആഴ്ച മുഴുവൻ അവന് നീന്താൻ കഴിഞ്ഞില്ല എന്നത് മാനസികമായി വേദനിപ്പിച്ചു എന്നും വക്കീൽ പറഞ്ഞു. പൊള്ളൽ കാരണം സ്ഥിരമായ മുറിവൊന്നും സംഭവിച്ചില്ല.
തുടർന്ന് Ryanair 20,000 യൂറോ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലന്റെ അമ്മ നൽകിയ 60,000 യൂറോയുടെ വേറൊരു നഷ്ടപരിഹാര ഹർജി നേരത്തെ അവരുടെ തന്നെ സമ്മതപ്രകാരം പിന്‍വലിച്ചിരുന്നു.






