കണ്ടെയ്‌നർ ഇറക്കുമതിക്ക് കുത്തനെ നിരക്ക് ഉയർത്തി ഡബ്ലിൻ തുറമുഖം: അയർലണ്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കൂടുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ തുറമുഖത്ത് കണ്ടെയിനറുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധികനിരക്കുകള്‍ രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്. ഒരു കണ്ടെയിനറിന് 5 ശതമാനവും, ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ജ്ജായി 15 യൂറോയും ഈടാക്കുമെന്നാണ് തുറമുഖം നടത്തിപ്പുകാരായ Dublin Port Company അറിയിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ചിലവിനെക്കാള്‍ 46% അധികം തുക കണ്ടെയിനര്‍ ഇറക്കുമതിക്ക് നല്‍കേണ്ടിവരും.

ഇത് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍, ഇന്ധനം, നിർമ്മാണ ചെലവ് ഉള്‍പ്പെടെയുള്ളവയുടെ വില ഉയരാൻ കാരണമാകുമെന്ന് Irish Road Hauliers Association പ്രതികരിച്ചു. തുറമുഖ മാനേജ്‌മെന്റിന്റെ പുതിയ തീരുമാനത്തെയും അസോസിയേഷന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ട്രംപുമായും, അമേരിക്കയുമായും 15% നികുതി പ്രശ്‌നത്തില്‍ വലിയ രീതിയില്‍ പോരാട്ടം നടത്തിയ ശേഷം ഇപ്പോള്‍ ഡബ്ലിന്‍ പോര്‍ട്ട് പുതിയ നികുതി വര്‍ദ്ധന ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഗെര്‍ ഹൈലാന്‍ഡ് പറഞ്ഞു. സ്വയം നശീകരണം നടത്തുകയാണ് ഈ നടപടിയിലൂടെ മാനേജ്‌മെന്റ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

2026-2030 കാലഘട്ടത്തിലേയ്ക്കുള്ള പുതുക്കിയ നിരക്കുകളില്‍ അന്തിമതീരുമാനമായതായാണ് Dublin Port Company വ്യക്തമാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 165 ബില്യണ്‍ യൂറോ വരെ മൂല്യമുള്ള ചരക്കുകളാണ് ഡബ്ലിന്‍ തുറമുഖത്ത് കൂടെ കടന്നുപോകുന്നത്. അയര്‍ലണ്ടിലേയ്ക്ക് വരുന്ന 80% ചരക്കും എത്തുന്നത് ഈ തുറമുഖം വഴിയാണ്.

Share this news

Leave a Reply