നവംബറിൽ ഐറിഷ് സർക്കാരിന് ലഭിച്ച കോർപറേഷൻ ടാക്സ് റെക്കോർഡ് തുകയായ 10 ബില്യൺ യൂറോ

അയര്‍ലണ്ടില്‍ നവംബര്‍ മാസം സര്‍ക്കാരിന് ലഭിച്ച കോര്‍പ്പറേഷന്‍ ടാക്‌സ് 10 ബില്യണ്‍ യൂറോ. ആപ്പിള്‍ കമ്പനിയില്‍ നിന്നും ഒറ്റത്തവണ ലഭിച്ച അധിക നികുതി ഒഴിവാക്കിയാല്‍, ഇക്കാലത്തിനിടെ ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കോര്‍പ്പറേഷന്‍ ടാക്‌സ് തുകയാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലെക്കാള്‍ 2.7 ബില്യണ്‍ യൂറോയാണ് ഇത്തവണ അധികമായി ലഭിച്ചത്. ഇതോടെ 2025-ല്‍ ആകെ റെക്കോര്‍ഡ് തുകയായ 32 ബില്യണ്‍ യൂറോ സര്‍ക്കാരിന് കോര്‍പ്പറേഷന്‍ ടാക്‌സ് ഇനത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ രീതിയില്‍ വരുമാനം ലഭിക്കുന്നത് പ്രതീക്ഷ പകരുന്നതാണെന്നും, ഇത് മിച്ച ബജറ്റിന് സഹായകമാകുമെന്നും ഉപപ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് പ്രതികരിച്ചു. അതേസമയം ആഗോളമായ സാമ്പത്തിക അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും, അതിനാല്‍ തന്നെ പണം കരുതിവയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ഇതുവരെ 29.4 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ടാക്‌സ് ഇനത്തില്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 3.8 ബില്യണ്‍ (14.9%) അധികമാണിത്. മിനിമം ടാക്‌സ് 15% ആക്കാന്‍ ധാരണയായതിനാല്‍ അടുത്ത വര്‍ഷം ഈ ഇനത്തിലെ വരുമാനം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

കോര്‍പ്പറേഷന്‍ ടാക്‌സിന് പുറമെ ഇന്‍കം ടാക്‌സ് 33.7 ബില്യണ്‍ യൂറോ, സെയില്‍സ് ടാക്‌സ് 22.5 ബില്യണ്‍ യൂറോ എന്നിങ്ങനെയും നവംബറില്‍ സര്‍ക്കാരിന് ലഭിച്ചു.

Share this news

Leave a Reply