85 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഈര്‍പ്പമേറിയ അഞ്ചാമത്തെ നവംബര്‍ മാസമാണ് ഈ കടന്നുപോയതെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരി താപനിലയെക്കാള്‍ അധികം ചൂടാണ് കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ലഭിച്ച ശരാശരി മഴ (gridded average rainfall) 189 mm ആയിരുന്നത് അന്തരീക്ഷം കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറാന്‍ കാരണമായി. ഇത് കഴിഞ്ഞ 85 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഈര്‍പ്പമേറിയ അഞ്ചാമത്തെ നവംബറായി കഴിഞ്ഞ മാസത്തെ മാറ്റുകയും ചെയ്തു. 1991-2020 കാലഘട്ടത്തിലെ ദീര്‍ഘകാല ശരാശരിയെക്കാള്‍ 136% അധിമായിരുന്നു കഴിഞ്ഞ മാസം അനുഭവപ്പെട്ട ഈര്‍പ്പമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ചരിത്രത്തിലെ ഏറ്റവും ഈര്‍പ്പമേറിയ നവംബറായി കണക്കാക്കുന്നത് 2009-ലെതാണ് (278 mm). ഏറ്റവും വരണ്ടത് 1942-ലേതും (33.2 mm).
താപനിലയും വര്‍ദ്ധിച്ചു
നവംബര്‍ മാസം രാജ്യമെമ്പാടും അനുഭവപ്പെട്ടത് ശരാശരിയിലും ഉയര്‍ന്ന താപനിലയാണെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. തെക്ക്, കിഴക്ക് പ്രദേശങ്ങളിലാണ് ചൂട് ഏറ്റവുമധികം അനുഭവപ്പെട്ടത്.
കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 4.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു (നംവബര്‍ 21-ന് റോസ്‌കോമണിലെ Mount Dillion-ല്‍.) ഏറ്റവുമുയര്‍ന്ന താപനിലയാകട്ടെ 17.5 ഡിഗ്രിയും (നവംബര്‍ 5-ന് Co Meath-ലെ Dunsany-യിലും നവംബര്‍ 6-ന് ഡബ്ലിനിലെ ഫീനികിസ് പാര്‍ക്കിലും.)






