അയര്‍ലണ്ടുകാരുടെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതീകമായി ഇത്തവണത്തെ ക്രിസ്മസ് ചെലവുകള്‍. മിക്കവരും കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിനായി ചെലവിട്ട തുകയെക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ഇത്തവണ ചെലവിടുക എന്നാണ് പുതിയ Credit Union Consumer Sentiment Index റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമ്മാനങ്ങള്‍, വിനോദങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള ചെലവ് ചുരുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
ക്രെഡിറ്റ് യൂണിയന്റെ റിപ്പോര്‍ട്ട് പ്രകാരം 52% പേരും 2024-ല്‍ തങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചെലവാക്കിയതിനെക്കാള്‍ കുറവ് തുകയാണ് ഇത്തവണ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രതികരിച്ചത് 47% പേരായിരുന്നു. വെറും 9% പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ടതിലും കൂടുതല്‍ ഇത്തവണ ചെലവാക്കുമെന്ന് പറഞ്ഞിട്ടുള്ളത്.
ക്രിസ്മസ് ചെലവിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന ചോദ്യത്തിന് 42% പേര്‍ പറഞ്ഞത് വരുമാനത്തില്‍ നിന്ന് തന്നെ ചെലവാക്കുമെന്നാണ്. പോയ വര്‍ഷം ഇത് 47% ആയിരുന്നു. അതായത് വരുമാനം, ചെലവിന് തികയുന്നില്ല എന്ന് അര്‍ത്ഥം.
37% പേര്‍ സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് ചെലവാക്കുമെന്ന് പ്രതികരിച്ചപ്പോള്‍, 9% പേര്‍ കടം വാങ്ങേണ്ടി വരുമെന്നാണ് പറഞ്ഞത്. 5% പേര്‍ കൂട്ടുകാരുടെയോ, ബന്ധുക്കളുടെയോ സഹായം തേടും.
ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെയടക്കം വില വര്‍ദ്ധിച്ചത് രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.






