അയർലണ്ടിലെ ടാക്സി ഡ്രൈവർമാർ അടുത്ത ആഴ്ച മുതൽ ആറു ദിവസം നീണ്ടുനിൽക്കുന്ന ‘ദേശവ്യാപക പണിമുടക്ക് പ്രതിഷേധം’ നടത്തുമെന്ന് പ്രഖ്യാപിച്ച് Taxi Drivers Ireland. Uber കൊണ്ടുവന്ന ഫിക്സഡ് ഫെയർ സംവിധാനവും, വ്യവസായം നേരിടുന്ന മറ്റു പ്രശ്നങ്ങളും കാരണമാണ് സമരം. കഴിഞ്ഞ ആഴ്ചകളിലും Uber- നെതിരെ ടാക്സി ഡ്രൈവർമാർ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
മേഖലയിലെ പ്രശ്നങ്ങളെ സർക്കാർ നിരന്തരം അവഗണിച്ചുവെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായ ഒരു നടപടിയും കൈക്കൊള്ളാതെ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും Taxi Drivers Ireland നാഷണൽ വക്താവ് ഡെറിക് ഒ’കീഫ് പറഞ്ഞു.
സംഘടനയുടെ കോർക്ക്, ഗോൾവേ ശാഖകളും ഈ ശക്തമായ പ്രതിഷേധത്തെ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 8 തിങ്കൾ മുതൽ 13 ശനി വരെ നടത്തപ്പെടുന്ന പ്രതിഷേധ സമരത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ Mountjoy Square- ൽ നിന്നും Merrion Square- ലേയ്ക്ക് വാഹനങ്ങൾ വരിവരിയായി സഞ്ചരിച്ച് വൈകുന്നേരം 5 മണി വരെ പാർക്ക് ചെയ്ത നിലയിൽ തുടരും.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 7.30 വരെ ഡബ്ലിൻ എയർപോർട്ട് ഗ്രൗണ്ടിന് പുറത്തുള്ള പ്രദേശങ്ങളിൽ പ്രതിഷേധം നടത്തും.
ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഡബ്ലിൻ എയർപോർട്ടിലെ പ്രതിഷേധത്തിനു ശേഷം വടക്കും തെക്കും ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വരിവരിയായി സിറ്റി സെന്റർ ലക്ഷ്യമാക്കി നീങ്ങും. അവിടെ
Dame Street-ൽ എത്തി മെല്ലെ നീങ്ങിക്കൊണ്ട് സ്ലോ-റോളിംഗ് പ്രതിഷേധം നടത്തും.
സമരം കാരണം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിന്
Taxi Drivers Ireland ക്ഷമാപണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.






