അയർലണ്ടിൽ ടാക്സി സമരം താൽക്കാലത്തേയ്ക്ക് ഇല്ല; സർക്കാരുമായി ഈയാഴ്ച ചർച്ച

അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടുത്തയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരം നിര്‍ത്തിവച്ചു. ഊബര്‍ കൊണ്ടുവന്ന ഫിക്‌സഡ് ചാര്‍ജ്ജ് സംവിധാനത്തിനെതിരെയും, ടാക്‌സി മേഖല അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഡിസംബര്‍ 8 മുതല്‍ 13 വരെ ആറ് ദിവസത്തെ പ്രതിഷേധസമരങ്ങളാണ് Taxi Drivers Union അയര്‍ലണ്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈയാഴ്ച സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സമരവും മറ്റ് പ്രതിഷേധങ്ങളും നിര്‍ത്തിവയ്ക്കുന്നതായി സംഘടന അറിയിച്ചു.

ടാക്‌സി ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സംഘടന വക്താവ് പറഞ്ഞു. അതേസമയം സമരം നിര്‍ത്തിവച്ചത് താല്‍ക്കാലികമാണെന്നും, ചര്‍ച്ചയുടെ ഫലം എന്താകുമെന്നതിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീകുമാനിക്കുമെന്നും സംഘടന വ്യക്തമാക്കി.

ഡ്രൈവർമാർ സമരം ചെയ്യുന്നത് എന്തിന്?

അയർലണ്ടിലെ 17,000-ഓളം വരുന്ന ടാക്സി ഡ്രൈവർമാരിൽ മൂന്നിൽ ഒന്ന് പേരും ഊബർ വഴി ടാക്സി ഓടുന്നവരാണ്. ഊബർ കൊണ്ടുവന്ന പുതിയ ഫിക്സഡ് ചാർജ്ജ് സംവിധാനം കാരണം ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും, ഈ സംവിധാനം നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) നിശ്ചയിച്ച നിലവിലെ നിരക്കിന്റെ പ്രസക്തിയെ ഇല്ലാതാകുന്നതാണെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.

ഊബറിന്റെ പുതിയ ഫിക്സഡ് ചാർജ്ജ് സംവിധാനം പ്രകാരം, ട്രാഫിക് ബ്ലോക്ക്‌, വേറെ റൂട്ട് ഉപയോഗിക്കൽ തുടങ്ങിയ കാരണങ്ങളാൽ ടാക്സി നിരക്ക് ഉയരുന്നത് തടഞ്ഞുകൊണ്ട്, മുൻകൂട്ടി നിശ്ചയിച്ച തുക മാത്രം യാത്രക്കാർ നൽകിയാൽ മതിയാകും. ഇതുവഴി യാത്രക്കാർക്ക് ‘മീറ്റർ പേടി’ ഇല്ലാതെ യാത്ര ചെയ്യാം എന്നാണ് ഊബർ പറയുന്നത്. നേരത്തെ തീരുമാനിച്ച തുകയിലും കുറവാണ് മീറ്ററിൽ കാണിക്കുന്നത് എങ്കിൽ ആ തുക കൊടുത്താൽ മതി.

എന്നാൽ ഈ മോഡൽ പ്രകാരം ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുമ്പോഴും മറ്റും വലിയ ധനനഷ്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ഡ്രൈവർമാർ പറയുന്നു. മറ്റ് ടാക്സി ആപ്പുകളും ഇതേ സംവിധാനം പിന്തുടർന്നേക്കും എന്നും അവർ ആശങ്കപ്പെടുന്നു. ഇതിന് പുറമെ ഊബറിന്റെ നടപടി അയർലണ്ടിലെ ടാക്സി നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply