അയര്‍ലണ്ടില്‍ ഇന്ന് വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതെ തുടര്‍ന്ന് ഏഴ് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.
Carlow, Kilkenny, Wexford, Cork, Kerry, Tipperary, Waterford എന്നീ കൗണ്ടികളില്‍ വൈകിട്ട് 9 മണി മുതല്‍ നാളെ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പുറത്ത് വച്ച് നടത്തുന്ന പരിപാടികളെയും മഴ ബാധിക്കും.
ഇന്ന് പൊതുവെ ചെറിയ കാറ്റും, ഇടയ്ക്കിടെയുള്ള മഴയും, വെയിലും കൂടിക്കലര്‍ന്ന കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. 8 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പകല്‍ നേരത്തെ ഉയര്‍ന്ന താപനില.
നാളെ (ചൊവ്വ) ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ സാധനങ്ങള്‍ പറന്നുപോയി അപകടമുണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.






