Storm Barm-ന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നതിനിടെ അയര്‍ലണ്ടിലെ മൂന്ന് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Galway, Mayo, Kerry എന്നീ കൗണ്ടികളില്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരുന്ന മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരും.
ഈ കൗണ്ടികളില്‍ യാത്ര ദുഷ്‌കരമാകുമെന്നും, മറിഞ്ഞുകിടക്കുന്ന മരങ്ങള്‍, കാറ്റില്‍ പറന്നുവന്ന വസ്തുക്കള്‍ എന്നിവ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് രാജ്യത്ത് പലയിടത്തും ശക്തമായ മഴ പെയ്യും. ഒറ്റപ്പെട്ട ഇടിമിന്നലും, ആലിപ്പഴം വീഴ്ചയും പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം മാനം തെളിയുകയും, അത്യാവശ്യം വെയില്‍ ലഭിക്കുകയും ചെയ്യും. 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.
ഇന്ന് രാത്രിയില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. ചെറിയ കാറ്റും വീശും.
നാളെ രാവിലെയോടെ അറ്റ്‌ലാന്റിക്കിന്റെ തീരപ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു.






