യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ കമ്പനികളായ റെനോയും (Renault) ഫോര്‍ഡും (Ford) ഒന്നിക്കുന്നു. യൂറോപ്യന്‍ വിപണിയിലെ ചൈനീസ് വാഹനങ്ങളുടെ കുതിപ്പ് മുന്നില്‍ക്കണ്ടാണ് യുഎസ് കമ്പനിയായ ഫോര്‍ഡ്, ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, വാനുകള്‍ എന്നിവയാണ് ഇരു കമ്പനികളും സഹകരിച്ച് നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത സംരഭമായതിനാല്‍ നീല നിറത്തിലുള്ള ഒരു ഓവല്‍ ഷേപ്പ് ലോഗോ ആയിരിക്കും ഈ വാഹനങ്ങളില്‍ പതിപ്പിക്കുക.
ഇരു കമ്പനികളും ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ വാഹനം 2028-ല്‍ പുറത്തെത്തുമെന്നാണ് പ്രതീക്ഷ. ഫോര്‍ഡ്, വാഹനങ്ങളുടെ ഡിസൈനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുക റെനോ ആയിരിക്കും.
കമ്പനികള്‍ ഒന്നിക്കുന്നതോടെ ചെലവ് കുറച്ച്, വേഗത്തില്‍ വിപുലീകരണം സാധ്യമാകുമെന്നും കരുതുന്നു. യൂറോപ്പിലെ ഇവി നിര്‍മ്മാണം ഫോര്‍ഡിന് വലിയ ചെലവാണ് നിലവില്‍ വരുത്തുന്നത്.
റെനോയുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഫോക്‌സ് വാഗണുമായി സഹകരിച്ച് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വാനുകള്‍ നിര്‍മ്മിക്കുന്നതും ഫോര്‍ഡ് തുടരും. മറുവശത്ത് റെനോ, ജാപ്പനീസ് കമ്പനികളായ നിസാന്‍, മിത്‌സുബിഷി എന്നിവയുമായും, ചൈനീസ് കമ്പനിയായ Geely-യുമായും സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.






