നസ്രേത്തിൽ കന്യകയാം മറിയത്തിനു പണ്ടൊരുനാൾ ഗബ്രിയേൽ മാലാഖ പ്രത്യക്ഷനായ്
വെള്ളവസ്ത്രങ്ങളും വെള്ളിച്ചിറകുമായ് മാലാഖ കൺമുന്നിൽ വന്നുനിന്നു
സ്വപ്നമെന്നാദ്യം കരുതി അവൾ പിന്നെ ദൈവദൂദൻ തന്നെ എന്നറിഞ്ഞു
ദൈവത്തിൻ ദൂതൊന്നു ചൊല്ലുവാൻ വന്നതാണെന്നോതി മാലാഖ മറിയത്തോടായ്
ദൈവമയച്ചെന്നെ നിന്നടുത്തേക്കിപ്പോൾ ഏറെ സ്നേഹിക്കുന്നു ദൈവം നിന്നെ
വൈകാതൊരു പുത്രനെ നീ ഉദരത്തിൽ വഹിച്ചീടും അവനോ ഈ ലോകത്തിൻ രാജാവാകും
ഇതുകേട്ടപ്പോൾ മറിയം മാലാഖയോടായ്ചൊല്ലി പുരുഷനെ അറിയാത്തവൾ ഞാൻ കന്യകയിന്നും
കല്യാണം കഴിയാത്തൊരു കന്യകയാം ഞാൻ എങ്ങനെ ഇപ്പോൾ ഒരു പൈതൽ തൻ മാതാവാകും
യൗസേപ്പും മേരിയുമായുള്ളൊരു കല്ല്യാണത്തിൻ നിശ്ചയമോ നസ്രേത്തിൽ നടന്നൊരുകാലം
മറിയത്തിൻ ആശങ്ക അകറ്റാനായ് മാലാഖ അത്യന്തം ശാന്തതയോടിങ്ങനെ ചൊല്ലി
പരിശുദ്ധാത്മാവിൻ നിറവുണ്ടാകും നിന്നുള്ളിൽ അതിനാലെ ഭയമൊന്നും വേണ്ടിനിയൊട്ടും
ദൈവത്തിൻ വലുതായൊരു ദൗത്യം നിറവേറ്റാനായ് കണ്ടെത്തിയ നീ സ്ത്രീകളിൽ അതിഭാഗ്യവതി
കർത്താവിൻ പ്രിയമുള്ളൊരു ദാസിയതായ് മാറിയതിൽ ആഹ്ളാദിച്ചത്യധികം മറിയം പതിയെ
മാലാഖ ചൊല്ലിയതാം സദ്‌വാർത്ത സഫലമതായ് മറിയത്തിൻ ഉദരത്തിൽ ശിശു ഉളവായി
ഈ വാർത്ത ശ്രവിച്ചപ്പോൾ ആശങ്കാകുലനായിട്ടത്യധികം ദുഃഖിതനായ് യൗസേഫ് പിന്നെ
അന്നാളിൽ ഒരുദിവസം യൗസേഫിനു സ്വപ്നത്തിൽ ദൈവത്തിൻ ദൂതൻ തൻ ദർശനമുണ്ടായ്
ആശങ്കാകുലനാം യൗസേഫിനു ശാന്തതയേകാൻ ദൈവത്തിൻ ദൂതൻ ചൊന്നിങ്ങനെ അപ്പോൾ
മറിയത്തിൻ ഉദരത്തിൽ വളരുന്നാ ശിശു പരിശുദ്ധാന്മാവിൻ നിറവാണെന്നറിയേണം നീ
ശങ്കിച്ചീടേണ്ട നീ മറിയത്തെ ഇനിയൊട്ടും ഭാര്യയായ് അവളെ നീ കൂടെ ചേർക്ക
യൗസേഫോ ഉൾക്കൊണ്ടു മറിയത്തെ പൂർണ്ണമായ് ശങ്കയില്ലാതേറ്റം സന്തോഷത്താൽ
ഏറെ വൈകീടാതെ നസ്രേത്തിൽ വച്ചൊരുനാൾ മറിയത്തെ ഭാര്യയായ് സ്വീകരിച്ചു
സീസർ രാജാവിൻറ്റൊരൂ കൽപ്പനവന്നന്നാളിൽ ജനമെല്ലാം പേർ ചേർക്കുക സ്വന്തം നാട്ടിൽ
പേരൊന്നു ചേർക്കാനായ് യൗസേഫിനു പോകേണം ദാവീദിൻ പട്ടണമാം ബേത്ലഹേമിൽ
നസ്രേത്തിൽ നിന്നേറെ ദൂരം പോയീടേണം ബേത്ലഹേം ദേശത്തൊന്നെത്തീടുവാൻ
ദീർഘമായുള്ളോരാ യാത്രക്കൊരുങ്ങി യൗസേപ്പും മേരിയും വൈകീടാതെ
കഴുതപ്പുറത്തേറി മറിയം പതിയെ യൗസേഫോ കാൽനടയായ് കൂടെ ചേർന്നു
ദുർഘടമാം യാത്രക്കൊടുവിൽ ഏറ്റം ക്ഷീണിതരായ് ഇരുപേരും ചെന്നെത്തി ബേത്ലഹേമിൽ
വഴിയമ്പലമൊക്കെ നിറഞ്ഞതിലാരാവിലവർക്കിടമൊന്നും കിട്ടീല്ലൊന്നന്തിയുറങ്ങാൻ
രാവേറെ വലഞ്ഞേറ്റം ക്ഷീണിതരായ് ഒടുവിലവർ കാലിത്തൊഴുത്തൊന്നിൽ അഭയം തേടി
സുന്ദരനാം ആൺകുഞ്ഞിനു ജന്മം നൽകി ആരാവിൽ പുൽക്കൂട്ടിൽ കന്യകമറിയം
കണ്ണഞ്ചിപ്പിക്കും ഒരു വെട്ടം കണ്ടാട്ടിടയർ മേലേ ആകാശത്തായ് ആസമയത്ത്
കണ്ണൊന്നു തുറന്നപ്പോൾ ഇടയർ കണ്ടു സുന്ദരിയാം മാലാഖയെ കുന്നിൻ മുകളിൽ
വെട്ടിത്തിളങ്ങുന്നാ രൂപം കണ്ട് ആശ്ചര്യ ചിത്തരതായ് ആട്ടിടയന്മാർ
മാലാഖ ചൊല്ലീ ഭയമൊട്ടുംവേണ്ട നിങ്ങൾക്കായുണ്ടിപ്പോൾ ഒരു സദ്‌വാർത്ത
ദാവീദിൻ പട്ടണമാം ബേത്ലഹേമിൽ ഇന്ന് ലോകത്തിൻ രക്ഷകനാം യേശു പിറന്നു
ശീല പൊതിഞ്ഞു പുൽക്കൂട്ടിൽ കിടക്കുന്ന ശിശുവാണ് നിങ്ങൾക്കായുള്ളടയാളം
ഗ്രാമങ്ങളിലെല്ലാം പോയ് ഇപ്പോൾത്തന്നെ നിങ്ങൾ രക്ഷകനുടെ ജനനത്തെ ഘോഷിച്ചിടുക
സദ്‌വാർത്ത കേട്ടേറെ സന്തോഷിച്ചാട്ടിടയർ യാത്ര പുറപ്പെട്ടു വൈകാതുടനെ
ബേത്ലഹേമിൽചെന്നിട്ടാട്ടിടയന്മാർ കുമ്പിട്ടു യേശുവിൻ തൃപ്പാദത്തിൽ
വിദ്വാന്മാർ മൂവരുമാകാശത്തായ് കണ്ടപ്പോൾ അന്നോളം ദർശിക്കാത്തൊരു നക്ഷത്രം
നക്ഷത്രം വഴികാട്ടി വിദ്വാന്മാർ ചെന്നെത്തി രക്ഷകനാം യേശു പിറന്നാപുൽക്കൂട്ടിൽ
യേശുവിനായവർ കാഴ്ചവച്ചു പൊന്നു, മീറ ,പിന്നെ കുന്തിരിക്കം
ലോകത്തിൻ രക്ഷകനാം യേശുവിൻ ജനനത്തെ ഘോഷിക്കാം ഇന്നൊന്നിച്ചാമോദത്താൽ






