ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ശുചിത്വ പ്രശ്‌നം കാരണം വെക്‌സ്‌ഫോര്‍ഡില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ് പുറപ്പെടുവിച്ച് അധികൃതര്‍. Wexford Town Public Water Supply-ക്ക് കീഴില്‍ വരുന്ന എല്ലാ വീടുകള്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്. ഏകദേശം 22,000 പേരെ ഇത് ബാധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുന്നറിയിപ്പ് നിലവില്‍ വന്നത്.
ശുദ്ധീകരിക്കാത്ത വെള്ളം പൈപ്പ് വഴി വരുന്ന കുടിവെള്ളത്തില്‍ കലരുന്നതിനിലാണ് മുന്നറിയിപ്പ്. അതിനാല്‍ വെള്ളം കുടിക്കുന്നതിന് മുമ്പ് തിളപ്പിക്കുക അത്യാവശ്യമാണ്. ഭക്ഷണം പാകം ചെയ്യുന്ന വെള്ളവും തിളപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. പല്ലു തേയ്ക്കല്‍, ഐസ് ഉണ്ടാക്കല്‍ എന്നിവയ്ക്കും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ശുദ്ധമല്ലാത്ത ജലം സപ്ലൈയില്‍ കലരാന്‍ കാരണമായത് എങ്ങനെയെന്ന് ജലസേചനവകുപ്പ് അന്വേഷണം നടത്തിവരികയാണ്. Health Service Executive (HSE) -മായി ചേര്‍ന്ന് ജലപരിശോധനയും നടക്കുന്നുണ്ട്.
നിങ്ങളുടെ വീട് പ്രശ്‌നത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ജലസേചനവകുപ്പിന്റെ വെബ്‌സൈറ്റില്‍ (https://www.water.ie/) എയര്‍കോഡ് നല്‍കി പരിശോധിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1800 278 278-ല്‍ വിളിക്കുകയോ ചെയ്യുക.






