അയർലണ്ടിൽ ഭാവിയിൽ ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം അനുഭവപ്പെടുമെന്ന് ലേഖനത്തിൽ ആരോഗ്യമന്ത്രി; വിദേശ നഴ്‌സുമാർക്ക് മികച്ച അവസരമോ?

ഭാവിയില്‍ അയര്‍ലണ്ട് വലിയ രീതിയില്‍ ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി Jennifer Carroll MacNeill. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഭാവിയില്‍ രാജ്യത്ത് ആവശ്യത്തിന് ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകരെ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് Ireland’s Future Health and Social Care Workforce ലേഖനം പുറത്തുവിട്ടുകൊണ്ട് മന്ത്രി പറഞ്ഞു.

ഈ മേഖലകളില്‍ ആവശ്യത്തിന് ജോലിക്കാരെ നിയമിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസം, പരിശീലനം എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2022 മുതല്‍ 1,300-ലധികം അധിക പരിശീസന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും, 2026-ഓടെ 600 എണ്ണം കൂടി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഇത്തരം പ്രവൃത്തികള്‍ക്ക് തന്റെ വകുപ്പ് എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആഗോളമായി ജോലിക്കാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുക, ജനസംഖ്യ വര്‍ദ്ധിക്കുക, പ്രായമായവരുടെ എണ്ണം കൂടുക, രോഗങ്ങള്‍ വര്‍ദ്ധിക്കുക എന്നിവയെല്ലാം നാം നേരിടുന്ന വെല്ലുവിളികളാണ് എന്നും ലേഖനത്തില്‍ പറയുന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ജനസംഖ്യാവര്‍ദ്ധനവ് 15 ശതമാനത്തോളമാണ്. 2065-ഓടെ രാജ്യത്തെ ജനസംഖ്യ 7.59 മില്യണ്‍ ആകുമെന്നും ആരോഗ്യവകുപ്പ് പ്രവചിക്കുന്നു. നിലവില്‍ ഇത് 5.45 മില്യണ്‍ ആണ്.

2014 മുതലുള്ള കണക്കെടുത്താല്‍ അയര്‍ലണ്ടില്‍ 65-ന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 37% വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ യൂറോപ്യന്‍ യൂണിയന്‍ ശരാശരി 16.5% ആണ്. ഇക്കാരണത്താല്‍ ഭാവിയില്‍ അയര്‍ലണ്ടില്‍ പ്രായമേറിയവര്‍ക്കുള്ള ആരോഗ്യസേവനത്തിന് ചെലവേറും.

മറുവശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രായമേറുന്നതും മറ്റൊരു പ്രശ്‌നമാണ്. 55 വയസിന് മേല്‍ പ്രായമായ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കും. അതിനാല്‍ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് കൊണ്ടുമാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് ലേഖനം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പകരമായി ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള മറ്റ് വഴികള്‍ തേടേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും വേണ്ട രീതിയില്‍ ഉപയോയപ്പെടുത്തേണ്ടതുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യ, സാമൂഹിക മേഖലകളിലേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമന്നാണ് ലേഖനത്തിലെ മറ്റൊരു നിര്‍ദ്ദേശം.

Share this news

Leave a Reply