കൗണ്ടി ലിമറിക്കിലെ Rathkeale-ല്‍ വാഹനത്തിലെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഇക്കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 22) രാത്രി 9.15-ഓടെയാണ് വെസ്റ്റ് ലിമറിക്കില്‍ സ്ഥിതി ചെയ്യുന്ന പട്ടണപ്രദേശമായ Rathkeale-ലെ ഒരു വീടിന് നേരെ പലവട്ടം വെടിവെപ്പ് ഉണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഏറ്റവും പുതിയതാണിത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.
പ്രദേശത്തെ ട്രാവലര്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഈ പ്രശ്‌നം പരിഹരിക്കാനായി ഗാര്‍ഡ അടക്കമുള്ളവര്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. ചില കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. കളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഈയിടെ ഗാര്‍ഡ പ്രദേശത്ത് പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ 400,000 യൂറോ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബ്ലാക്ക് മാര്‍ക്കറ്റില്‍ വലിയ വില വരുന്ന കാണ്ടാമൃഗ കൊമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നവംബര്‍ 30-ന് ഒരു വീടിന് നേരെ വെടിവെപ്പ് ഉണ്ടാകുകയും, ഒക്ടോബറില്‍ ഒരു വാനിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ഉണ്ടായിരുന്നു. വീടുകള്‍ക്ക് തീവയ്ക്കല്‍, വാഹനങ്ങള്‍ കൂട്ടിയിടിപ്പിക്കല്‍, ഒരാളെ വെടിവച്ച് പരിക്കേല്‍പ്പിക്കല്‍ മുതലായവയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിച്ചിരുന്നു.






