തേര്‍ഡ് പാര്‍ട്ടി ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള ബുക്കിങ് മുടക്കാനായി ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് 256 മില്യണ്‍ യൂറോ പിഴയിട്ട് ഇറ്റലി. ടിക്കറ്റ് നിരക്കുകളുടെ കുറവിന് പേരുകേട്ട Ryanair, 2023 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെയെങ്കിലും തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും തേര്‍ഡ് പാര്‍ട്ടി ഏജന്‍സികള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നാണ് ഇറ്റലിയിലെ കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്.
ഏജന്‍സികള്‍ ഇത്തരത്തില്‍ ബുക്കിങ് നടത്തുന്നത് തടയുക, സാവധാനത്തിലാക്കുക, ബുദ്ധിമുട്ട് സൃഷ്ടിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ Ryanair-ന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് അതോറിറ്റി പറയുന്നത്. ഇത് മറ്റ് വിമാന കമ്പനികളുമായും, സ്ഥാപനങ്ങളുമായും ചേര്‍ന്ന് ട്രാവല്‍ സര്‍വീസുകള്‍ നല്‍കുന്നതിന് ഏജന്‍സികളെ തടഞ്ഞുവെന്നും കണ്ടെത്തി. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ് എന്ന് കണ്ടാണ് പിഴ ഈടാക്കിയത്.
അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് Ryanair പ്രതികരിച്ചു. തങ്ങളുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുക വഴി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ ഉപഭോക്താക്കളോട് കാലങ്ങളായി പറയാറുള്ളതാണെന്നും കമ്പനി പറയുന്നു. കോംപറ്റീഷന്‍ അതോറിറ്റിയുടെ വിധി നിയമപരമല്ലെന്നും Ryanair കൂട്ടിച്ചേര്‍ത്തു.
കാബിന്‍ ബാഗേജുകള്‍ക്ക് പണം ഈടാക്കുന്നതിനെത്തുടര്‍ന്ന് 2019-ല്‍ ഇറ്റലി Ryanair-ന് 3 മില്യണ്‍ യൂറോ പിഴയിട്ടിരുന്നെങ്കിലും, പിന്നീട് ഇത് അഡ്മ്‌നിസ്‌ട്രേറ്റീവ് കോടതി തള്ളിയിരുന്നു.






