2025-ൽ അയർലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ഇല്ലാതെ ചികിത്സ തേടിയത് 114,000-ത്തിലധികം ആളുകൾ

2025-ൽ 114,000-ത്തിലധികം ആളുകളെ കിടക്കയില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയതായി റിപ്പോർട്ട്‌. ഇവരെ ട്രോളികളിലും, കസേരകളിലും ഇരുത്തിയാണ് നൽകിയതെന്നും, ഇതിൽ 1,248-ലധികം കുട്ടികൾ ഉണ്ടായിരുന്നു എന്നും ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) അറിയിച്ചു.

“ട്രോളികളിലും കസേരകളിലും മറ്റ് അനുചിതമായ സ്ഥലങ്ങളിലും ചികിത്സ തേടുന്ന രോഗികളുടെ എണ്ണം അസ്വീകാര്യമായി വർദ്ധിച്ചുവരുന്ന ഒരു വർഷം കൂടി കടന്നുപോയി. ആരോഗ്യ സേവനത്തിലുടനീളം ആസൂത്രണത്തിലെ ആവർത്തിച്ചുള്ള പരാജയങ്ങളിൽ നിന്ന് ഉണ്ടാകുന്ന പൊതുജനങ്ങളുടെ രോഷം അവർ നഴ്‌സുമാർ, മിഡ്‌വൈഫുകൾ, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവരുടെ മേൽ ഏൽപ്പിക്കുന്ന സ്ഥിതി ഇനിയും ഉണ്ടാകരുത്. ” INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

നമ്മുടെ ആശുപത്രികളിൽ അനുചിതമായ സ്ഥലത്ത് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ശരിയായ ജീവനക്കാരില്ലാത്ത സർജ് ബെഡുകളെ ആശ്രയിക്കുന്നത് ആശങ്കാജനകമാണ് എന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകൾ നികത്താൻ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അവർ ആവർത്തിച്ചു.

അതേസമയം ബുധനാഴ്ച, 22,473 രോഗികൾ എത്തിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് ആയിരുന്നു രാജ്യത്തെ ഏറ്റവും തിരക്കേറിയ ആശുപത്രി. ഗാൽവേയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 11,630 രോഗികളും, കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 10,113 രോഗികളും ചികിത്സ തേടി.

Share this news

Leave a Reply