അയർലണ്ടിൽ അമിതവേഗതയിൽ വാഹനമോടിച്ചാൽ ഇനി ‘ഗ്രാജ്വേറ്റ് പെനാൽറ്റി പോയിന്റ്’ ശിക്ഷ; നിയമം കർശനമാക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്ന തരത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഗതാഗതസഗഹമന്ത്രിയായ Seán Canney അവതരിപ്പിക്കുന്ന പുതിയ ‘ഗ്രാജ്വേറ്റഡ് പെനാല്‍റ്റി പോയിന്റ് സംവിധാനം’ വഴി, അമിതവേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വരെ പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുന്ന തരത്തിലാണ് പുതിയ ബില്‍ തയ്യാറാകുന്നത്.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 190 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരേ വര്‍ഷം ഇത്രയും പേര്‍ക്ക് അപകടങ്ങളില്‍ ജീവന്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണ്. ഇതാണ് അമിതവേഗത അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

പെനാല്‍റ്റി പോയിന്റ് സംവിധാനത്തിലെ മാറ്റത്തിന് പുറമെ ക്യാമറ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ് ഇടാതിരിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ കണ്ടെത്തുന്നതും കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. 1961-ന് ശേഷം ഇതാദ്യമായ ഗതാഗതനിയമങ്ങള്‍ ഏകീകരിക്കാനായി നിയമപരിഷ്‌കാര കമ്മീഷനുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡില്‍ കാല്‍നടയാത്രക്കാര്‍, പ്രായമായവര്‍ എന്നിവര്‍ കൂടുതലായി അപകടങ്ങളില്‍ മരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി Canney പറഞ്ഞു. റോഡില്‍ ആളുകള്‍ ക്ഷമ കാണിക്കണമെന്നും, അപകടകരമായ ഡ്രൈവിങ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അതേസമയം റോഡ് സുരക്ഷയ്ക്കായി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് മുന്‍ ഗതാഗതമന്ത്രി Shane Ross ഈയിടെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതികളുമായി മന്ത്രി Canney രംഗത്തെത്തിയിരിക്കുന്നത്.

Share this news

Leave a Reply